ഗുജറാത്ത് : കേതൻ ഇനാംദാർ ബി.ജെ.പി എം.എൽ.എ സ്ഥാനം രാജിവെച്ചതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ടരാജി. സാവ്‌ലി മുനിസിപ്പാലിറ്റിയിലെയും പഞ്ചായത്തിലെയും ഉള്‍പ്പെടെ നാല്‍പതോളം അംഗങ്ങളാണ് സ്ഥാനം രാജി വെച്ചത്. വിജയ് രൂപാനി സർക്കാരിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും തങ്ങളുടെ മണ്ഡലത്തെ അവഗണിക്കുന്നതിനാല്‍ യാതൊരു വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നില്ല, ജനസേവകരെ പുച്ഛത്തോടെയാണ് കാണുന്നത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കേതന്‍ ഇനാംദാര്‍ എം.എല്‍.എ സ്ഥാനം രാജി വെച്ചത്. വഡോദര ജില്ലയിലെ സാവ്‌ലി നിയോജകമണ്ഡലത്തിൽ നിന്നുള്ള എം.എല്‍.എയാണ് കേതന്‍.
പ്രസിഡന്‍റ് കെ.എച്ച് സേത്ത്, വൈസ് പ്രസിഡന്‍റ് ഖ്യാതി പട്ടേൽ എന്നിവരുൾപ്പെടെ സാവ്‌ലി മുനിസിപ്പാലിറ്റിയിലെ 23 അംഗങ്ങളാണ് കേതന് പിന്നാലെ രാജി വെച്ചത്. തൊട്ടുപിന്നാലെ സാവ്‌ലി പഞ്ചായത്തിലെ 17 അംഗങ്ങളും രാജി സമർപ്പിക്കുകയായിരുന്നു. തുടർന്ന് ബറോഡ ഡയറി ചെയർമാനും മുൻ ബി.ജെ.പി എം.എൽ.എയുമായ പാദ്ര ദിനേശ് പട്ടേലും സാവ്‌ലി, ദേശാർ എന്നിവിടങ്ങളിൽ നിന്നുള്ള എ.പി.എം.സിയുടെ ഒരു ഡസനിലധികം ഡയറക്ടർമാറും രാജിവെച്ചു. ബി.ജെ.പിയുടെ സാവ്‌ലി, ദേശാർ യൂണിറ്റുകളിലെ അംഗങ്ങളും രാജി സമർപ്പിച്ചു.
‘ഞങ്ങളുടെ നേതാവും എം.എൽ.എയുമായ കേതൻ ഇനാംദറിനെ പിന്തുണച്ചാണ് ഞങ്ങൾ രാജിവെക്കുന്നത്. സർക്കാരിനെതിരെ അദ്ദേഹം ആരോപിച്ച കാര്യങ്ങള്‍ പൂർണമായും ശരിയാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിട്ടും സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള പെരുമാറ്റം എങ്ങനെയാണെന്ന് ഏവർക്കും അറിയാവുന്നതാണ്. അദ്ദേഹത്തിന്‍റെ ആവശ്യം തികച്ചും ന്യായമാണ്, ഈ പോരാട്ടത്തിൽ ഞങ്ങളെല്ലാം അദ്ദേഹത്തോടൊപ്പമുണ്ട്’ – രാജി കൈമാറിക്കൊണ്ട് കെ.എച്ച് സേത്ത് വ്യക്തമാക്കി.
നേരത്തെയും ബി.ജെ.പി സര്‍ക്കാരിനെ വിമർശിച്ച് കേതന്‍ ഇനാംദാറും മറ്റ് ചില ബി.ജെ.പി എം.എല്‍.എമാരും രംഗത്തെത്തിയിരുന്നു. വഗോദിയ എം.എല്‍.എ മധു ശ്രീവാസ്തവ, മന്‍ജല്‍പൂര്‍ എം.എല്‍.എ യോഗേഷ് പട്ടേല്‍ എന്നിവരും സര്‍ക്കാരിനെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. പ്രതിഷേധം അറിയിച്ചുള്ള കൂട്ടരാജി ബി.ജെ.പിയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.