ഗുജറാത്ത് വിധിയെഴുതി; രണ്ടാം ഘട്ടത്തില്‍ 58.38 ശതമാനം പോളിംഗ്: വോട്ടെണ്ണല്‍ 8 ന്

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 93 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 5  മണി വരെ 58.38 ശതമാനം പോളിംഗ് രേഖപ്പെടുത്തി. എട്ടിനാണ് വോട്ടെണ്ണൽ. ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയുമുൾപ്പെടെ 61 രാഷ്ട്രീയ കക്ഷികളിൽിന്നുള്ള 833 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടിയത്. ഗാന്ധിനഗറും അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തിലും വടക്കൻ ഗുജറാത്തിലുമാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, പ്രതിപക്ഷ നേതാവ് സുഖ്‌റാം രാത്വ തുടങ്ങിയവരാണ് ജനവിധി തേടിയവരിൽ പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി അഹമ്മദാബാദിലെ റാനിപ്പിലെ നിഷാൻ പബ്ലിക് സ്‌കൂളിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

അതേസമയം തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ അമിത് ഷാ ഗുജറാത്ത് എംപിക്കൊപ്പം പ്രചാരണം നടത്തിയെന്നും സംസാരത്തിനിടെ അദ്ദേഹം ബിജെപി സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. സൗരാഷ്ട്ര, കച്ച് മേഖലകളും ദക്ഷിണ ഗുജറാത്തും ഉൾപ്പെട്ട 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ ജനവിധി തേടിയത്. എട്ടിന് ഫലമറിയാം.

Comments (0)
Add Comment