മോദിയുടെയും ഷായുടെയും ആ തന്ത്രവും പൊളിഞ്ഞു ; അഭിനന്ദന കത്ത് കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് എഴുതിപ്പിച്ചത് ; കത്ത് കീറിയെറിഞ്ഞ് രക്ഷിതാക്കള്‍

അഹമ്മദാബാദ് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന അതിശക്തമായ പ്രക്ഷോഭത്തില്‍ പ്രതിരോധത്തിലായ ബി.ജെ.പി ഇതിനെ ചെറുക്കാന്‍ നടത്തുന്ന ശ്രമങ്ങളെല്ലാം പാളുന്നു. മിസ്ഡ് കാള്‍ നീക്കത്തിലൂടെ അപഹാസ്യരായ ബി.ജെ.പിയുടെ പുതിയ നീക്കവും പാളി. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നീക്കത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കുട്ടികളെക്കൊണ്ട് പോസ്റ്റ് കാർഡ് എഴുതിപ്പിക്കുകയായിരുന്നു പുതിയ തന്ത്രം. എന്നാല്‍ പഠനത്തിന്‍റെ ഭാഗമെന്ന രീതിയില്‍ കുട്ടികളെ കൊണ്ട് നിർബന്ധിച്ച് ഇത്തരത്തില്‍ കത്ത് എഴുതിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കള്‍ കത്ത് കീറിയെറിഞ്ഞു.

അഹമ്മദാബാദിലെ സ്കൂളിലാണ് സംഭവം. ഗുജറാത്ത് സെക്കന്‍ഡറി ആന്‍റ് ഹയര്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍ ബോര്‍ഡിന്‍റെ കീഴിലുള്ള വിദ്യായമാണ് ഇത്. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലെ കുട്ടികളെക്കൊണ്ടാണ് കത്ത് എഴുതിപ്പിച്ചത്. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം. ഞാനും എന്‍റെ കുടുംബവും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു എന്നും കത്തില്‍ കുട്ടികളെക്കൊണ്ട് എഴുതിപ്പിച്ചു. എന്നാലിത് ബി.ജെ.പിക്ക് അനുകൂലമായി ഉപയോഗപ്പെടുത്താനാണെന്ന് മനസിലാക്കിയതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സ്കൂള്‍ അധികൃതരെ ശക്തമായ പ്രതിഷേധം അറിയിച്ച രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ട് എഴുതിപ്പിച്ച പോസ്റ്റ് കാർഡ് തിരികെ നല്‍കാനും ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ സ്കൂള്‍ അധികൃതർ ക്ഷമാപണം നടത്തി. തിരികെ വാങ്ങിയ പോസ്റ്റ്കാര്‍ഡുകള്‍ രക്ഷിതാക്കള്‍ കീറിഎറിഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ബി.ജെ.പിയുടെ പരിഹാസ്യ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിടുന്നത്. നേരത്തെ ബി.ജെ.പിയുടെ മിസ്ഡ് കാള്‍ ക്യാംപെയ്ന്‍ സമൂഹമാധ്യമങ്ങളിലടക്കം പരിഹാസ്യമായിരുന്നു. ബി.ജെ.പി ക്യാംപെയ്ന് വേണ്ടി നല്‍കിയിരുന്ന ഫോണ്‍ നമ്പര്‍ പോണ്‍ സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നല്‍കിയത് വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു. ഈ തന്ത്രം പാളിയതിന് പിന്നാലെയാണിപ്പോള്‍ കുട്ടികളെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ബി.ജെ.പി തന്ത്രവും പൊളിഞ്ഞത്.

SchoolCAA
Comments (0)
Add Comment