മോട്ടോർ വാഹന നിയമത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ

Jaihind News Bureau
Thursday, September 12, 2019

പുതിയ മോട്ടോർ വാഹന നിയമത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. വിവിധ നിയമ ലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ പിഴയിലാണ് ബിജെപി ഭരിക്കുന്ന ഗുജറാത്ത് സർക്കാർ കുറവുകൾ പ്രഖ്യാപിച്ചത്.

നിലവിൽ കേന്ദ്ര നിയമപ്രകാരം ഏർപ്പെടുത്തിയ പിഴകളിൽ ചിലതിൽ 50 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്.  ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചാലുള്ള പിഴ 1000 എന്നതിൽ നിന്ന് 500 ആയി ചുരുക്കി. ബൈക്കിൽ മൂന്ന് പേർ സഞ്ചരിച്ചാലുള്ള 1000 രൂപ പിഴ 100 രൂപയാക്കി. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചാലുള്ള പിഴ 1000ത്തിൽ നിന്നും 500 ആക്കി. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപ പിഴയുള്ളത് 3000 ആയി കുറച്ചു. ഇത്തരത്തിൽ ഒട്ടുമിക്ക പിഴകളിലും കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്തംബർ ഒന്ന് മുതലാണ് പരിഷ്‌കരിച്ച ട്രാഫിക്ക് നിയമം രാജ്യത്ത് നിലവിൽ വന്നത്. എന്നാൽ പഞ്ചാബ് അടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കാൻ വിസമ്മതിച്ചു. കേരളത്തിൽ സർക്കാർ പോലും നടപ്പിലാക്കിയതിന് പിന്നാലെ പുനഃപരിശോധന നടത്താൻ ഒരുങ്ങതിനിടെയാണ്. കേന്ദ്രനിയമത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാർ മാറ്റം വരുത്തുന്നത്.

ഉയർന്ന പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നുവെന്നും വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് പിഴ കുറയ്ക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. പിഴ കുറച്ചത് നിയമ ലംഘകരോടുള്ള സർക്കാരിന്റെ കനിവായി കാണേണ്ടതില്ലെന്നും, ഇതുവരെ ഈടാക്കിയിരുന്ന പിഴയുടെ പത്തിരട്ടിയോളം വർധിപ്പിച്ചതിനാലാണ് തുക കുറയ്ക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.