ഗുജറാത്ത് വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങളില്‍ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 22 വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങള്‍ നടന്നുവെന്ന ഹര്‍ജിയിലാണ് വിശദമായി വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്. ഡിസംബർ പന്ത്രണ്ടിനാണ് കേസില്‍ വാദം കേൾക്കുക. മുതിർന്ന മാധ്യമപ്രവർത്തകനായ ബി.ജി.വർഗ്ഗീസ്, പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തർ എന്നിവരാണ് ഹർജി സമർപ്പിച്ചത്.
2004ലാണ് ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. അഹമ്മദാബാദിനടുത്ത് കോതാര്‍പൂരില്‍ വച്ചാണ് ഇസ്രത്ത് ജഹാനടക്കം നാല് പേരെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നാരോപിച്ചാണ് പോലീസ് ഇവരെ കൊലപ്പെടുത്തിയത്. 19 വയസ്സുകാരി ഇസ്രത്ത് ജഹാന്‍, പ്രാണേഷ് കുമാര്‍ എന്നിവരും രണ്ട് പാക് പൗരന്മാരും അന്ന് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈയില്‍ നിന്നും തീവ്രവാദി സംഘം ഗാന്ധിനഗറിലേക്ക് എത്തിയിട്ടുണ്ടെന്ന കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമായിരുന്നു ഏറ്റുമുട്ടല്‍ എന്നായിരുന്നു പോലീസിന്‍റെ വിശദീകരണം. എന്നാല്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ഇത്തരം ഒരു വിവരം നല്‍കിയിട്ടില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇതോടെയാണ് ഇസ്രത്ത് ജഹാന്‍ കേസ് ഉള്‍പ്പെടെയുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ വിവാദമായത്.