ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി; വോട്ടെണ്ണലില്‍ കൃത്രിമത്വം കാട്ടിയതിന് മുതിർന്ന മന്ത്രിയുടെ വിജയം അസാധുവാക്കി ഹൈക്കോടതി

Jaihind News Bureau
Tuesday, May 12, 2020

അഹമ്മദാബാദ്: തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയത് ബോധ്യപ്പെട്ടതിനെ തുടർന്ന് ഗുജറാത്തിലെ ബി.ജെ.പി മന്ത്രി ഭൂപേന്ദ്രസിംഗ് ചുദസാമയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. ചുദസാമയുടെ 2017 ലെ തിരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് ഹൈക്കോടതിയാണ് അസാധുവാക്കിയത്. വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചെന്നും മന്ത്രിപദവി ദുരുപയോഗം ചെയ്‌തെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വിജയ് രൂപാണി മന്ത്രിസഭയിലെ മുതിര്‍ന്ന കാബിനറ്റ് അംഗം കൂടിയായ ഭൂപേന്ദ്രസിംഗ് ചുദസാമയുടെ വിജയം അസാധുവാക്കിയ നടപടി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.

2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ധോൽക്ക നിയോജകമണ്ഡലത്തിൽ നിന്ന് വെറും 327 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഭൂപേന്ദ്ര സിംഗിന്‍റെ വിജയം. ഇത് ചോദ്യം ചെയ്ത് കോൺഗ്രസ് സ്ഥാനാർത്ഥി അശ്വിൻ റാത്തോഡ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പരേഷ് ഉപാധ്യായ ഭൂപേന്ദ്രസിംഗിന്‍റെ വിജയം അസാധുവാക്കിക്കൊണ്ട് ഉത്തരവിട്ടത്. 2018 ജനുവരി 17 നാണ് വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഹൈക്കോടതിയിലെത്തുന്നത്. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി തീര്‍പ്പ് കല്‍പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശ്വിന്‍ റാത്തോഡ് ഉന്നയിച്ച വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് നടപടിയുടെ വിവിധ ഘട്ടങ്ങളിൽ പ്രത്യേകിച്ച് വോട്ടെണ്ണൽ സമയത്ത്, തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പലതും ചുദസാമ ലംഘിച്ചതായി ഹര്‍ജിയിൽ അശ്വിന്‍ റാത്തോഡ് ആരോപിച്ചിരുന്നു. വിജയ് രൂപാണി സർക്കാരില്‍ വിദ്യാഭ്യാസം, നിയമം, നീതി, നിയമനിർമ്മാണ, പാർലമെന്‍ററി കാര്യങ്ങൾ, മറ്റ് ചില വകുപ്പുകൾ എന്നിവയുടെ ചുമതലയാണ് ചുദസാമ ഇപ്പോൾ വഹിക്കുന്നത്. മന്ത്രിസഭയിലെ മുതിർന്ന ക്യാബിനറ്റ് അംഗത്തിന്‍റെ വിജയം അസാധുവായത് ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് ഏല്‍പിച്ചിരിക്കുന്നത്.