ഗിന്നസ് ലോക റെക്കോര്‍ഡ് ജേതാവായ ദുബായിലെ മലയാളി മാധ്യമ പ്രവര്‍ത്തക സിന്ധു ഇനി ഓസ്‌ട്രേലിയയിലേക്ക്; ദുബായില്‍ യാത്രയയപ്പ് നല്‍കി

 

ദുബായ് : കുടുംബ സമേതം ഓസ്‌ട്രേലിയയിലേക്ക് താമസം മാറുന്ന മാധ്യമ പ്രവര്‍ത്തകയും ഒന്നര പതിറ്റാണ്ടായി യുഎഇ മാധ്യമ രംഗത്തെ സാന്നിധ്യവുമായ സിന്ധു ബിജുവിന് ദുബായിലെ മാധ്യമ സുഹൃത്തുക്കള്‍ യാത്രയയപ്പ് നല്‍കി. ഏറ്റവും ദൈര്‍ഘ്യമേറിയ റേഡിയോ ഷോ അവതരിപ്പിച്ചത്തിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ദുബായിലെ ഹിറ്റ് എഫ്എം റേഡിയോ ഹെഡും സിനിമാതാരവുമായ മിഥുന്‍ രമേഷ് – സിന്ധു കൂട്ടുകെട്ടാണ് തുടര്‍ച്ചയായി 84 മണിക്കൂറും 15 മിനിറ്റും റേഡിയോ പരിപാടി ചെയ്ത് 2013 വര്‍ഷത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയത്. അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ സ്‌ക്രിപ്റ്റ് റൈറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച സിന്ധു രണ്ട് മലയാളം ചാനലുകളില്‍ പ്രവര്‍ത്തിച്ചതിനു ശേഷം 2003 ല്‍ റേഡിയോ ഏഷ്യയിലൂടെയാണ് ഗള്‍ഫിലെ റേഡിയോ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ദുബായ് ഗവണ്മെന്‍റിനു കീഴിലുള്ള ഹിറ്റ് 96.7 എഫ് എമ്മിലേക്ക് മാറിയ സിന്ധു 14 വര്‍ഷത്തോളം അവിടെ വാര്‍ത്താ അവതാരക ആയും ആര്‍ജെ ആയും ജോലി ചെയ്തു. തൃശൂര്‍ ചാലക്കുടി സ്വദേശിനിയാണ്. ഹിറ്റ് എഫ്എം വിട്ടതിന് ശേഷം ഏതാനും മാസങ്ങളായി റേഡിയോ ഏഷ്യയിലാണ് ജോലി ചെയ്തിരുന്നത്. കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് ദുബായിലെ മാധ്യമ സുഹൃത്തുക്കള്‍ യാത്രയയപ്പ് നല്‍കിയത്. ദുബായ് മറീനയിലെ ഡി ത്രീ യാട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.

പരിപാടിയില്‍ സിന്ധുവിന് ഉപഹാരങ്ങള്‍ കൈമാറി. സീനിയര്‍ ബിസിനസ് എഡിറ്റര്‍ ഭാസ്‌കര്‍ രാജ്, ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് മേധാവി എല്‍വിസ് ചുമ്മാര്‍, ഗള്‍ഫ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ സജില ശശീന്ദ്രന്‍, ഡി ത്രീ യാട്ട് കമ്പനി സിഇഒ ഷമീര്‍ അലി, ആഡ് ആന്‍ഡ് എം അഡ്വര്‍ടൈസിംഗ് എംഡി റഷീദ് മട്ടന്നൂര്‍, മാധ്യമപ്രവര്‍ത്തകരായ രമേഷ് പയ്യന്നൂര്‍, അനൂപ് കീച്ചേരി, ആര്‍ജെ ഡയോണ്‍, ആര്‍ജെ അലീസ, ആര്‍ജെ അക്ഷയ്, ആര്‍ജെ അഞ്ജന, ജോഷ്വാ സെബാസ്റ്റ്യന്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. സിന്ധുവിന്‍റെ ഭര്‍ത്താവും റോള്‍ഡ് റോയ്‌സ് കമ്പനിയില്‍ ഉദ്യോഗസ്ഥനുമായ ബിജു ഇട്ടിരയും ചടങ്ങില്‍ പങ്കെടുത്തു.

Comments (0)
Add Comment