എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

Jaihind News Bureau
Sunday, May 24, 2020

 

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ നടത്തിപ്പിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.  ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ എണ്ണം, ക്ലാസ് മുറികളുടെ എണ്ണം, ഇരിപ്പിട ക്രമീകരണം, വിദ്യാര്‍ഥികളുടെ യാത്രാ ക്രമീകരണം തുടങ്ങിയ ഉള്‍പ്പെടെ ഒരു മൈക്രോ പ്ലാന്‍ തയ്യാറാക്കണം. പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളുടെ ഇരിപ്പിടങ്ങള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലമുണ്ടായിരിക്കണം. എല്ലാ വിദ്യാര്‍ഥികളുടെയും തെര്‍മല്‍ സ്‌കാനിങ് നടത്തണം. ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് എല്ലാ വിദ്യാര്‍ഥികളും ധരിക്കണം. രക്ഷകര്‍ത്താക്കളെ സ്‌കൂള്‍ ക്യാമ്പസിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കരുത്.

സംസ്ഥാനത്തിനുള്ളിലെ ഹോട്ട്സ്‌പോട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഹോട്ട്‌സ്‌പോട്ടുകള്‍ക്കുള്ളിലെ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ അനുവാദം നല്‍കണം. ലക്ഷദ്വീപ് മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കായി ജില്ലയില്‍ ഒരു പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതാണ് നല്ലതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.