ന്യൂഡല്‍ഹി: കാസർഗോഡ് എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായിട്ടാണെന്ന പരാതിയിൽ
കേന്ദ്ര-സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് നോട്ടീസയച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനും ട്രിബ്യൂണല്‍ നിർദേശം നൽകി. കേന്ദ്ര സംഘം നാളെ കാസർഗോഡ് എത്തും.
കർണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് നടപടി. അശാസ്ത്രീയമായി കുഴിച്ചു മൂടിയതിനാൽ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. കാസർഗോഡ് മിഞ്ചിപദവിലെ കിണറ്റിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്ന് പ്ലാന്‍റേഷൻ കോർപറേഷൻ മുൻ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിനും കേരളത്തിനും കര്‍ണാടകയ്ക്കുമാണ് ഹരിത ട്രിബ്യൂണല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.