ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ട്വന്‍റി 20 ക്രിക്കറ്റ് മത്സരത്തിന്‍റെ പകുതിയോളം ടിക്കറ്റുകൾ വിറ്റുതീർന്നു

Jaihind News Bureau
Friday, November 29, 2019

ഡിസംബർ എട്ടിന് കാര്യവട്ടം സ്‌പോർട്‌സ് ഹബിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ട്വന്‍റി 20 ക്രിക്കറ്റ് മത്സരത്തിന്‍റെ പകുതിയോളം ടിക്കറ്റുകൾ വിറ്റുതീർന്നു. മലയാളി താരം സഞ്ജു സാംസണെ പരിക്കേറ്റ ശിഖർ ധവാന് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയതോടെയാണ് ടിക്കറ്റ് വില്പന ദ്രുതഗതിയിലായത്.

ബുധനാഴ്ച രാത്രി ഏഴരയ്ക്ക് സിനിമാതാരം മമ്മൂട്ടിയാണ് മത്സരത്തിന്‍റെ ഓൺലൈൻ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തത്. 24 മണിക്കൂർ പിന്നിട്ടപ്പോഴേക്കും 48 ശതമാനം ടിക്കറ്റുകളാണ് വിറ്റുതീർന്നത്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് പകുതി കഴിഞ്ഞത്.

സ്വന്തം നാട്ടിൽ സഞ്ജുവിന് കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക്. കാര്യവട്ടത്ത് ഇന്ത്യ എയ്ക്കുവേണ്ടി ദക്ഷിണാഫ്രിക്കയ്ക്ക് എയ്‌ക്കെതിരെ 48 പന്തിൽ 91 റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിംഗ്‌സ് പോലൊന്ന് പ്രതീക്ഷിച്ചാണ് കാണികൾ ടിക്കറ്റെടുക്കാൻ തിരക്ക് കൂട്ടുന്നത്.
മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനായി സ്‌പോർട്‌സ് ഹബിൽ പിച്ചൊരുക്കലും ഗ്രൗണ്ട് തയ്യാറാക്കലും അന്തിമഘട്ടത്തിലാണ്. ബാറ്റിംഗിന് അനുകൂലമായ പിച്ചുതന്നെയാണ് ഇക്കുറിയും ഇവിടെ ഒരുങ്ങുന്നത്.

ഒന്നുരണ്ടുദിവസത്തിനകം തുലാവർഷം വീണ്ടുമെത്തുമെന്ന കാലാവസ്ഥാറിപ്പോർട്ടുകളാണ് ക്യൂറേറ്റർക്ക് സമ്മർദ്ദമുണ്ടാക്കുന്നത്. മത്സരദിവസം കനത്ത മഴ സാധ്യത പ്രവചിക്കുന്നില്ല. പിച്ച് തയ്യാറാക്കാൻ സാദ്ധ്യമാകുന്ന കാലാവസ്ഥയും ഉണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.