പ്രതിപക്ഷ സമരത്തിന് മുന്നിൽ കീഴടങ്ങി സർക്കാർ; വൈദ്യുതി ബില്ലിൽ ഇളവ് പ്രഖ്യാപിച്ചു, മനുഷ്യരഹിത നടപടികൾക്കെതിരെ ഇനിയും പോരാടുമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, June 18, 2020

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തും വൈദ്യുതി ബില്ലിലൂടെ തീവെട്ടിക്കൊള്ളക്ക് ശ്രമിച്ച പിണറായി സ‍ര്‍ക്കാര്‍ ഒടുവില്‍ മുട്ടുമടക്കി. പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പ്രതിപക്ഷ പ്രതിഷേധത്തിന് കേരള ജനത നൽകിയ പിന്തുണ മൂലമാണ് എല്‍ഡിഎഫ് സർക്കാർ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ നിർബന്ധിതമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

40 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്ന 500 വാട്ടിൽ താഴെ കണക്റ്റഡ് ലോഡുള്ളവർക്ക് വൈദ്യുതി സൗജന്യമാണ്. ഉപയോ​ഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ ഇത്തരത്തിലുള്ളവർക്ക് സൗജന്യം അനുവദിക്കും.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവർക്ക് യൂണിറ്റിന് ഒന്നര രൂപയാണ് നിരക്ക്. ഈ വിഭാ​ഗത്തിൽപ്പെട്ടവരുടെ ബില്ലിൽ ഇപ്പോഴത്തെ ഉപയോ​ഗം എത്ര യൂണിറ്റായാലും ഒന്നര രൂപ തന്നെ നൽകിയാൽ മതി.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്നവർക്ക് ഇത്തവണ അധികം ഉപഭോ​ഗം മൂലമുണ്ടായ ബില്ലിൽ ബിൽ തുക വർധനവിന്‍റെ പകുതി സബ്സിഡി നൽകും. 100 യൂണിറ്റ് പ്രതിമാസം ഉപയോ​ഗിക്കുന്നവർക്ക് അധിക ബില്ലിന്‍റെ 30 ശതമാനം സബ്സിഡി അനുവദിക്കും. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്നവർക്ക് 25 ശതമാനമാണ് സബ്സിഡി. 150ന് മുകളിൽ ഉപയോ​ഗിക്കുന്നവർക്ക് 20 ശതമാനമായിരിക്കും സബ്സിഡി. വൈദ്യുതി ബിൽ അടയ്ക്കാൻ മൂന്ന് തവണ വരെ സമയം അനുവദിച്ചിരുന്നു. ഇത് അഞ്ച് തവണ വരെയാക്കും.

വൈദ്യുതി ബില്ലില്‍ അപാകതകളൊന്നുമില്ലെന്നും കൂടുതല്‍ ഉപയോഗിച്ചവര്‍ക്ക് കൂടുതല്‍ ബില്‍ തുക വന്നുവെന്നുമുള്ള കെ.എസ്.ഇ.ബിയുടെ വാദം സര്‍ക്കാര്‍ തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്. കൊവിഡിന്‍റെ മറവില്‍ തീവെട്ടിക്കൊള്ള നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് പ്രതിപക്ഷം തടയിട്ടിരിക്കുകയാണ്. ജനങ്ങള്‍ പ്രതിഷേധിക്കില്ലെന്ന വിചാരത്തിലായിരുന്നു കെ.എസ്.ഇ.ബിയുടെ ബില്‍കൊള്ള.

എന്നാല്‍ സംസ്ഥാനമൊട്ടാകെ ശക്തമായ പ്രതിഷേധമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്നത്. യു.ഡി.എഫിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ നടന്ന ലൈറ്റ്സ് ഓഫ് കേരള പ്രതിഷേധം 17ന് രാത്രി 9 മണിക്ക് ജനങ്ങളാകെ ഏറ്റെടുത്തിരുന്നു. ഇതോടെ അധിക ബില്‍ തുക പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

ലൈറ്റ്സ് ഓഫ് കേരള ക്യാമ്പയിനിന് കേരളജനത നൽകിയ പിന്തുണ മൂലമാണ് എല്‍ഡിഎഫ് സർക്കാർ പണമടയ്ക്കാനുള്ള തവണകളുടെ എണ്ണം കൂട്ടിയതും, 30% സബ്‌സിഡി നൽകിയതുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ട് തന്നെ ഇത് ജനങ്ങളുടെ വിജയമാണെന്നും കേരളജനതയ്ക്ക് നന്ദി രേഖപ്പെടുത്തി അദ്ദേഹം പറഞ്ഞു. മനുഷ്യരഹിത നടപടികൾക്കെതിരെ ഇനിയും പോരാടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.