20 കേസുകള്‍ വാദിക്കാന്‍ അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 19 കോടി ; വന്‍ ധൂർത്ത്

Jaihind Webdesk
Sunday, August 29, 2021

തിരുവനന്തപുരം : കഴിഞ്ഞ 5 വര്‍ഷത്തിനിടെ രാഷ്ട്രീയ താല്‍പര്യമുള്ള 20 കേസുകള്‍ വാദിക്കാന്‍ അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 19 കോടി രൂപ. നിയമസഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അഡ്വക്കേറ്റ് ജനറലടക്കം 130ലധികം സര്‍ക്കാര്‍ അഭിഭാഷകരുള്ളപ്പോഴാണ് ഈ വന്‍ ധൂര്‍ത്ത്.

ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് കോടതിയിൽ വാദിക്കാൻ സർക്കാർ ചെലവാക്കിയത് 70 ലക്ഷം രൂപയാണ്. പുറത്തുനിന്ന് കേസ് വാദിക്കാനെത്തിയ അഭിഭാഷകന് ഫീസ് കൊടുത്തതാണ് ഈ തുക. എന്നാൽ നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകന് ഫീസ് കൊടുത്തതായി അറിവില്ലെന്നാണ് വിവരാവകാശ മറുപടി.

സ്വർണ്ണക്കടത്ത് കേസിന്‍റെ അന്വേഷണത്തിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് മൊഴി നൽകാൻ സ്വപ്ന സുരേഷിനെ നിർബന്ധിച്ചുവെന്നതായിരുന്നു ക്രൈംബ്രാഞ്ച് കേസ്. സ്വപ്നയുടെ ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസിക്കെതിരെ കേസെടുത്തു.

സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഇ.ഡി. കോടതിയെ സമീപിച്ചു.  അഡ്വ. ഹരിൻ പി. റാവലാണ് സർക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.  70 ലക്ഷം രൂപയായിരുന്നു ഫീസ്. നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് മുതിർന്ന അഭിഭാഷകൻ മനിന്ദർ സിങ്ങാണ്. എന്നാല്‍ ഫീസ് കൊടുത്തതായി അറിയില്ലെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസ് നൽകിയ വിവരാവകാശ മറുപടി.