ഹാന്‍റ്‌വീവിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും വേതനം നല്‍കാൻ സർക്കാർ നടപടി സ്വീകരിക്കണം : കെ.സുധാകരൻ എം.പി

Jaihind News Bureau
Saturday, October 17, 2020

ഹാന്‍റ്‌വീവിലെ 210ഓളം ജീവനക്കാർക്കും രണ്ടായിരത്തിലധികം വരുന്ന തൊഴിലാളികൾക്കും കഴിഞ്ഞ ജൂൺ മാസത്തിനു ശേഷം വേതനം ലഭിക്കാത്ത ഗുരുതരമായ സാഹചര്യത്തിൽ സർക്കാർ നിസംഗത മാറ്റി ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളം നല്കുന്നതിന് വേണ്ടി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.

ഓണം സീസണിലെ വില്‍പന നടന്നിട്ട് പോലും ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനം നൽകാത്തത് പ്രതിഷേധാർഹമാണ്. 2019 ജനവരിക്കു ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. വിരമിക്കൽ ആനുകൂല്യം പ്രതീക്ഷിച്ച് ധനകാര്യ സ്ഥാപനത്തിൽ നിന്നും ലോണെടുത്ത് മക്കളുടെ വിവാഹം ഉൾപ്പെടെയുള്ള കുടുംബ കാര്യങ്ങൾ നിർവ്വഹിച്ചവർ കടക്കെണിയിലായിരിക്കയാണ്.

പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഹാൻവീവിൽ 10 മാസം മാത്രമാണ് സ്ഥിരമായി ഒരു എം.ഡി ഉണ്ടായിരുന്നത്.
ചെയർമാന്‍റെ ഏകാധിപത്യ ഭരണവും സാമ്പത്തിക വിഭാഗത്തിന്‍റെ കെടുകാര്യസ്ഥതയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം. സർക്കാരിൽ നിന്നും ലഭിക്കുവാനുള്ള ഫണ്ട് വാങ്ങിക്കുന്നതിൽ ചെയർമാൻ പരാജയപ്പെട്ടിരിക്കുകയാണ്. സ്ഥാപനത്തിൽ അത്യാവശ്യം വേണ്ടുന്ന മാർക്കറ്റിംഗ് മാനേജർ തസ്തിക ഒഴിച്ചിട്ടിരിക്കയാണ്. ചിറക്കലിലെ എച്ച്.പി.എച്ച് ഡൈ ഹൗസിൽ ലക്ഷം രൂപ ശമ്പളം നൽകി പ്രൊഡക്ഷൻ മാനേജർക്ക് ആവശ്യമായ യോഗ്യതയില്ലാത്തയാളെ നിയമിച്ചിരിക്കുന്നു.

ഹാൻവീവിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ സംബന്ധിച്ചും, അവർക്ക് ലഭിക്കേണ്ട ശമ്പള കുടിശ്ശിക അടക്കുള്ള കാര്യങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും വകുപ്പ് മന്ത്രി അടക്കുള്ളവർക്ക് രണ്ട് തവണ കത്തുകൾ നൽകിയിരുന്നുവെങ്കിലും, അതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും വകുപ്പ് മന്ത്രി അടക്കമുള്ളവർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപ്പെട്ട് ഹാൻവീവ് ജിവനക്കാർക്കും, നെയ്ത്ത് തൊഴിലാളികൾക്കും അർഹതപ്പെട്ട കുടിശ്ശിക അടക്കമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ അടിയന്തിരമായി അനുവദിക്കണമെന്നും കേരളത്തിൽ പ്രൗഡിയോടെ നിലനിന്നിരുന്ന ഈ സ്ഥാപനത്തെ ചരിത്രത്തിലെ വെറുമൊരു ഓർമ്മയായി മാത്രം അവശേഷിപ്പിക്കരുതെന്നും കെ.സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.