ആഭ്യന്തരവകുപ്പ് മന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി സിപിഎം നേതാക്കള്‍

Jaihind Webdesk
Wednesday, January 5, 2022

കുമളി: സിപിഎം ഇടുക്കി ജില്ല സമ്മേളനത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ച് നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. പിണറായി വിജയന് പകരം മറ്റൊരാളെ ആഭ്യന്തര മന്ത്രിയാക്കണമെന്നാണ് സമ്മേളനത്തില്‍ ഉയർന്ന വന്ന ആവശ്യം.

ആഭ്യന്തരവകുപ്പ് വന്‍ പരാജയമായി മാറിയെന്നും പൊലീസില്‍ അഴിച്ചുപണി നടത്തണമെന്നും  സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു. ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതായും നാട് നന്നാകണമെന്ന ആഗ്രഹമില്ലെന്നും സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പൊലീസില്‍ സര്‍ക്കാറിനെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്തരം ആളുകളെ കണ്ടെത്താന്‍ ശ്രമം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പൊലീസ് അസോസിയേഷന് വേണ്ടത്ര ശുഷ്‌കാന്തിയില്ല. ഒറ്റുകാരേയും സര്‍ക്കാറിനെ അപമാനിക്കാന്‍ ശ്രമിക്കുന്നവരേയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. പൊലീസ് സംഘടനാ സംവിധാനം കാര്യക്ഷമമാക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.