ഷഹ്ലയുടെ മരണം: പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം – രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, November 23, 2019

സുൽത്താൻ ബത്തേരിയിൽ സ്‌കൂളില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ സ്‌കൂളുകളുടെ സാഹചര്യം പഠിക്കാന്‍ യുഡിഎഫ് അഞ്ചംഗ സമിതിയെ നിയോഗിച്ചു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മരണപ്പെട്ട ഷഹ്ല ഷെറിന്റെ വീടും സ്‌കൂളും പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.

ഉച്ചയ്ക്ക് 12:30 ഓടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം കെ മുനീര്‍, പി ജെ ജോസഫ് എംഎല്‍എ എന്നിവര്‍ ഷഹലാ ഷെറിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. രാഹുല്‍ ഗാന്ധി എം പി പ്രതിപക്ഷ നേതാവിന്റെ ഫോണിലൂടെ ഷഹലാ ഷറിന്റ മാതാപിതാക്കളോട് സംസാരിച്ചു. കുടുംബത്തിന് എല്ലാവിധ പിന്തുണയും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു. കുട്ടിയുടെ മരണത്തിന് കാരണമായ വര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസടുക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുക്കുന്നവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ്കൂട്ടിചേര്‍ത്തു. രാഹുല്‍ ഗാന്ധി എം പി ഷഹല ഷെറിന്റെ വീട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശേഷം പാമ്പ് കടിയേല്‍ക്കാനിടയായ ഗവണ്‍മെന്റ് സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയും അദ്ദേഹം സന്ദര്‍ശിച്ചു.
ശേഷം സമരത്തില്‍ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയ ഷഹലാ ഷെറിന്റെ സഹപാഠി നിദ ഫാത്തിമയുടെ വീട്ടിലെത്തി പിന്തുണയറിയിച്ചു. ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍, മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റോസ കുട്ടി ടീച്ചര്‍ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.