ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം : ആശുപത്രികളില്‍ സിസിടിവിയും പൊലീസ് എയ്ഡ് പോസ്റ്റും സ്ഥാപിക്കണം : കെജിഎംഒഎ

Jaihind Webdesk
Sunday, August 8, 2021

 

തിരുവനന്തപുരം : ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തടയാൻ സർക്കാരിന് മുന്നിൽ നിർദേശങ്ങൾ വെച്ച് കെജിഎംഒഎ. ഒമ്പത് നിർദേശങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആശുപത്രികൾ പ്രത്യേക സുരക്ഷ മേഖലയായി പരിഗണിച്ച് പൊലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

കൂടാതെ ആശുപത്രികളിൽ സിസിടിവി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വനിത ഡോക്ടറെ മർദിച്ച സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കത്ത് നൽകിയത്. രാത്രികളിലാണ് മിക്കവാറും അക്രമങ്ങളും നടക്കുന്നത് എന്നതിനാൽ പൊലീസ് എയ്ഡ് പോസ്റ്റ് ആശുപത്രിക്കുള്ളിലുണ്ടാകുന്നത് അത്യാവശ്യമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവരെ പിടികൂടി ആശുപത്രി സുരക്ഷാ നിയമത്തിന്‍റെ അടിസ്ഥാനത്തിലടക്കം എഫ്‌ഐആർ തയാറാക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും കെജിഎംഒഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.