താങ്ങുവില : സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് രമേശ്‌ ചെന്നിത്തല

Jaihind News Bureau
Saturday, October 10, 2020

കര്‍ഷകന്‌ മിനിമം താങ്ങുവില ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ പ്രതിപക്ഷം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. സംഭരണം, വില, വിതരണം എന്നിവ അട്ടിമറിക്കുന്നതാണ്‌ കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധനിയമം.

കോര്‍പ്പറേറ്റുകള്‍ രംഗത്തെത്തുന്നത്‌ ഭക്ഷ്യോത്‌പാദന മേഖലയില്‍ ഗുരുതര ഭവിഷ്യത്തുണ്ടാക്കും. കാര്‍ഷികോത്‌പാദന കമ്പോള സമിതികള്‍(എപിഎംസി) ഇല്ലാതാവും. ഇതോടെ സംഭരണവും വിലയും പാളും. കൃഷിക്കാരുടെ ഭാവിയെ ഗുരുതരമായി ബാധിക്കും. കരാര്‍ കൃഷി വ്യാപകമാകും. കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന‌ ബില്ല്‌ കേരളത്തിന്‌ ദോഷമാണ്‌. ജനിതകമാറ്റം വരുത്തിയ വിളകള്‍ കേരളത്തില്‍ കൃഷിചെയ്യാന്‍ പാടില്ലെന്നിരിക്കെ, കരാര്‍ക്കൃഷി വരുന്നതോടെ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യാന്‍ കരാര്‍ എടുത്ത കമ്പനികള്‍ക്ക്‌ കഴിയും. വിളകളുടെ വില തീരുമാനിക്കാനും ലാഭം കൊയ്യാനും അതുവഴി കോര്‍പ്പറേറ്റുകള്‍ക്കും സാധിക്കും. കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക്‌ അനുസൃതമായി കാര്യങ്ങള്‍ മാറ്റപ്പെടും. കോര്‍പ്പറേറ്റുകള്‍ കൃഷിയിലേക്ക്‌ പൂര്‍ണ്ണമായും മാറുന്നതോടെ കര്‍ഷകര്‍ ദുരിതത്തിലാകും. മത്സരാധിഷ്‌ഠിത കമ്പോള വ്യവസ്ഥയിലേക്ക്‌ കാര്‍ഷിക രംഗം മാറും. നിസ്സാരവിലക്ക്‌ ഭൂമികള്‍ കോര്‍പ്പറേറ്റുകള്‍ തട്ടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പിണറായി സര്‍ക്കാരിന്‍റെ റൂള്‍സ്‌ ഓഫ്‌ ബിസിനസ്‌ പരിഷ്‌ക്കരണ ശുപാര്‍ശ ഭരണ സംവിധാനത്തെ തകര്‍ക്കും.അധികാരം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കാന്‍ ശ്രമം നടക്കുന്നു. ഈ ചട്ടഭേദഗതിയെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്‌ എതിരാണ്‌ ഈ ശുപാര്‍ശയെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ്‌ കണ്‍വീനര്‍ എം.എം.ഹസ്സന്‍, കെ.പി.സി.സി വൈസ്‌ പ്രസിഡന്‍റുമാരായ ഡോ.ശൂരനാട്‌ രാജശേഖരന്‍, ശരത്‌ചന്ദ്ര പ്രസാദ്‌, മോഹന്‍ ശങ്കര്‍, ജനറല്‍ സെക്രട്ടറിമാരായ കെ.പി.അനില്‍കുമാര്‍, പാലോട്‌ രവി, മണക്കാട്‌ സുരേഷ്‌, മുന്‍കേന്ദ്ര മന്ത്രി കെ.വി.തോമസ്‌, പിസി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

https://youtu.be/g79JmPyfJNM