കൊവിഡ് വാക്സിന്‍ സർക്കാർ സൗജന്യമായി നല്കണം ; സര്‍ക്കാരുകൾ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം : സോണിയാ ഗാന്ധി

Jaihind Webdesk
Saturday, May 1, 2021

ന്യൂഡല്‍ഹി: എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ച ശേഷം കൊവിഡ് പ്രതിരോധത്തിന് ദേശീയതലത്തില്‍ ഒരു പദ്ധതി രൂപവത്കരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും അവര്‍ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രകള്‍ തടയുകയും മഹാമാരി അവസാനിക്കുന്നിടം വരെ കുറഞ്ഞത് 6000 രൂപ അവരുടെ ബാക്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും വേണം- കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ച വീഡിയോയില്‍ സോണിയ ആവശ്യപ്പെട്ടു. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് നാലുലക്ഷം കടന്ന പശ്ചാത്തലത്തിലാണ് സോണിയയുടെ പ്രതികരണം.

എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും സോണിയ ആവശ്യപ്പെട്ടു. രാജ്യത്ത് പരിശോധന വര്‍ധിപ്പിക്കണമെന്നും മെഡിക്കല്‍ ഓക്‌സിജന്‍റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിത ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണിക്കണം. ജീവന്‍രക്ഷാ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

സ്വന്തം ജീവന്‍ അപകടത്തിലാക്കി കൊണ്ടുപോലും കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നില്‍ ശിരസ്സു കുനിക്കുന്നതായും സോണിയ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളെ മറികടന്ന് മുന്നോട്ടുപോകേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ നിരവധി വലിയ പ്രതിസന്ധികളെ രാജ്യം അതിജീവിച്ചിട്ടുണ്ട്. കൊവിഡിന് എതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും അവർ കൂട്ടിച്ചേര്‍ത്തു.