കൊവിഡ് മരണ നിരക്ക് മറച്ച് വച്ചത് ഗൌരവതരം ; സർക്കാർ തെറ്റ് തിരുത്തണമെന്ന് ഉമ്മന്‍ചാണ്ടി

Jaihind Webdesk
Saturday, July 3, 2021

കൊവിഡ്  മരണ സംഖ്യ കുറച്ച് കാണിച്ചത്  തീർത്തും നിർഭാഗ്യകര്യവും  ഗൌരവതരവുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാരിന് തെറ്റ് പറ്റി. ഇത് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് അനുബന്ധ മരണങ്ങള്‍ ഒരുപാട് ഉണ്ടാകുന്നുണ്ട്, എന്നാല്‍ ഡെത്ത് സർട്ടിഫിക്കറ്റില്‍ മറ്റ് കാരണങ്ങളാണ് കാണിക്കുന്നത്. പലരും രോഗം മൂർച്ഛിച്ചാണ് അവശരാകുന്നത്. അതാണ് പിന്നീട് മരണത്തിലേക്ക് നയിക്കുന്നത്. മരണ സമയത്ത് നെഗറ്റീവായി എന്ന പേരില്‍ പലരും കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷണനും കുടുംബത്തിനുമെതിരെ ഉണ്ടായ വധഭീഷണി തികച്ചും ലാഘവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലി‌പ്പോള്‍ ക്വട്ടേഷൻ സംഘങ്ങളുടെ തേർവാഴ്ച്ചയാണ്. ക്രമസമാധാനം തകരുന്ന കാര്യങ്ങളാണ്  ഒരോ ദിവസവും അരങ്ങേറുന്നത്. കേരളത്തെ കുറിച്ച് പുറത്തുള്ളവർക്ക് വലിയ മതിപ്പാണ്, എന്നാൽ തിരുവനന്തപുരത്ത് ഉത്തരേന്ത്യക്കാർക്കെതിരെ നടന്ന ആക്രമണത്തില്‍ ആ സ്ഥിതി മാറി. ഈ സംഭവത്തില്‍ നാല് ദിവസം കഴിഞ്ഞിട്ടാണ് പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വോട്ടർപ്പട്ടിക ക്രമക്കേടില്‍ രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്നും അദ്ദേഹം വ്യക്തമാക്കി .