‘കശുവണ്ടി തൊഴിലാളികൾക്ക് അടിയന്തര സഹായധനം ഉടന്‍ അനുവദിക്കണം’ : കൊടിക്കുന്നില്‍ സുരേഷ് എംപി

Jaihind Webdesk
Thursday, March 24, 2022

കശുവണ്ടി മേഖലയിലെ പ്രതിസന്ധി കാരണം അടച്ചുപൂട്ടിയ കശുവണ്ടി ഫാക്റ്ററികളിലെ തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും, അവർക്ക് പ്രതിമാസം പതിനായിരം രൂപയെങ്കിലും അടിയന്തര സഹായധനമായി അനുവദിക്കണമെന്നും ലോക്‌സഭയിൽ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി.

ലോക്‌സഭയിൽ നടന്ന വാണിജ്യ വ്യവസായ വകുപ്പിന്റെ ധനാഭ്യർഥനയിൽ നടന്ന ചർച്ചയിലാണ് കൊടിക്കുന്നിൽ സുരേഷ് എം പി കശുവണ്ടി മേഖലയിലെ ഗുരുതരമായ വിഷയങ്ങൾ കേന്ദ്ര സർക്കാരിന്‍റെ മുന്നിൽ അവതരിപ്പിച്ചത്. കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് എന്നപോലെ തന്നെ കശുവണ്ടി മേഖലയിലെ ചെറുകിട മധ്യവർത്തി ഉടമകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ നേർചിത്രം കൊടിക്കുന്നിൽ സുരേഷ് എം പി വരച്ചുകാട്ടി. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വലിയ കടബാധ്യത നേരിടുന്ന ഫാക്ടറി ഉടമകളുടെ നേർക്ക് ബാങ്കുകൾ, യാതൊരു തത്വദീക്ഷയില്ലാതെ ജപ്തി നടപടികൾ സർഫാസി നിയമ പ്രകാരം സ്വീകരിക്കുന്നു എന്നത് കേരള സർക്കാരും ബാങ്കുകളുമായി നടന്ന ചർച്ചകളിൽ ഡിസംബർ മുപ്പത്തിയൊന്നു വരെ വായ്പ കുടിശ്ശികയിൽ യാത്രയ നടപടിയും സ്വീകരിക്കരുത് എന്ന ധാരണ ഉണ്ടായിരുന്നു എന്നാൽ ബാങ്കുകൾ ഇത് വകവെക്കാതെ ചെറുകിട ഇടത്തരം കശുവണ്ടി ഫാക്ടറി ഉടമകളുടെ കുടിശ്ശികയിൽ നടപടി ആരംഭിക്കുകയും ആ സമ്മർദ്ദം താങ്ങാനാവാതെ അഞ്ച് കശുവണ്ടി ഫാക്ടറി ഉടമകളാണ്‌ ആത്മഹത്യ ചെയ്തതെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി.

ഇത്തരം നടപടികളിൽ സ്വീകരിക്കുന്നത് ബാങ്കുകളെ നിലക്ക് നിർത്തേണ്ടതും കശുവണ്ടി ഫാക്‌ടറി ഉടമകളുടെ വായ്പ കുടിശ്ശിക തിരച്ചടവിനു ഉദാരമായ നടപടികൾ സ്വീകരിക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിന് ഉണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.

കശുവണ്ടി മേഖലയെ ബാധിച്ച പ്രതിസന്ധിയുടെ ആഴം എത്രയെന്നു കൊടിക്കുന്നിൽ സുരേഷ് എം പി വിശദീകരിച്ചു. തോട്ടണ്ടിയുടെ ക്ഷാമം, ഉയരുന്ന ചെലവ്, കശുവണ്ടി മേഖലയിൽ അന്തർദേശീയ മത്സരം നേരിടാനുള്ള സർക്കാർ സഹായം ഇല്ലാത്ത അവസ്ഥ, ഉയരുന്ന കടം, സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ഒക്കെ തന്നെ, അത് പരിഹരിക്കാനുള്ള നീക്കം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നു ഉണ്ടാകാത്ത അവസ്ഥ, തോട്ടണ്ടി പ്രാദേശികമായി ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കാത്ത സാഹചര്യം, തോട്ടണ്ടി ഇറക്കുമതിയുടെ ചുങ്കം വർധിപ്പിച്ചത് വഴി നേരിടുന്ന വലിയ സാമ്പത്തിക ബാധ്യത എന്നിങ്ങയുള്ള കാരണങ്ങൾ ആണ് കശുവണ്ടി മേഖലയുടെ ആകെയുള്ള തകർച്ചക്ക് കാരണം എന്നും കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി. ഇതുകാരണം ഉടമകൾ മാത്രമല്ല കശുവണ്ടി തൊഴിലാളികൾ അവരിൽ തന്നെ ബഹുഭൂരിപക്ഷം ദളിത് , മറ്റു പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട തീർത്തും സാധാരണക്കാർ ആണെന്നും അവരുടെ ജീവിതമാർഗം പരിപൂർണമായി അടഞ്ഞുവെന്നും കശുവണ്ടി മേഖലയുടെ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി ഏറ്റവും ചുരുങ്ങിയത് അയ്യായിരം കോടി രൂപയുടെയെങ്കിലും ഒരു പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

കേരളത്തിന്‍റെ റബ്ബർ മേഖല നേരിടുന്ന പ്രശ്നങ്ങളും കൊടിക്കുന്നിൽ സുരേഷ് എം പി ലോക്‌സഭയിൽ നടന്ന ധനാഭ്യർഥന ചർച്ചയിൽ വിശദീകരിച്ചു. സ്വാഭാവിക റബർ കൃഷി കുറയുന്നതും, വിപണി ഉണർവിനായുള്ള നാടപടികൾ സർക്കാരുകൾ സ്വീകരിക്കാത്തതും, ഉല്പാദന ചെലവ് കൂടുന്നതും സർക്കാരിൽ നിന്ന് സഹായം ലഭിക്കാത്തതും, വിപണി വിലയിൽ ഉണ്ടാകുന്ന ഇടിവും, ഇറക്കുമതിയിൽ നിന്നും നേരിടുവന്ന മത്സരത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ പ്രാദേശിക റബ്ബർ കർഷകർക്ക് സാധിക്കാത്തതും, ദേശീയ റബ്ബൽ നയം ഉൾപ്പെടെ നിലവിൽ ഉണ്ടെങ്കിലും അതൊന്നും തന്നെ കർഷകർക്ക് ഗുണമായി വരുന്നില്ലയെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.

റബ്ബർ ടാപ്പിംഗ് തൊഴിലാളികൾക്ക് നിലവിലുള്ള പെൻഷൻ പദ്ധതി അപര്യാപ്തം ആണെന്നും നിലവിലെ പ്രതിമാസ തുകയയായ 1300 രൂപയിൽ നിന്ന് ഏറ്റവും കുറഞ്ഞത് 5000 രൂപയാക്കിയുണ്ടക്കിലും ഉയർത്തണമെന്നും ടാപ്പിംഗ് തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം , ചികിൽസാ സൗകര്യം എന്നിവ ഏർപ്പെടുത്തണം എന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

ഒപ്പം തന്നെ റബർ ആക്ടിന് ബദലായി പുതിയ നിയമം കൊണ്ട് വരാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നും, റബർ ബോർഡിനെ നോക്കുകുത്തിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചുകൊണ്ട് കർഷകരുടെ താൽപ്പര്യം സംരക്ഷിക്കണം എന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. തേയില , കാപ്പി , റബ്ബർ, മറ്റു സുഗന്ധ വിളകൾ എന്നിവയ്ക്കായുള്ള പ്രത്യേക ബോർഡുകൾ ലയിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം എന്നും കേരളത്തിന്‍റെ വാണിജ്യ , സുഗന്ധ വിളകൾ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നയപരിപാടികൾ പ്രത്യേകമായി നടപ്പാക്കണം എന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.