കൊവിഡ് വാക്സിന്‍ ഗർഭിണികള്‍ക്കും നല്‍കണമെന്ന് ശുപാർശ ; രണ്ട് മാസത്തിനിടെ മരിച്ചത് 37 പേര്‍

Jaihind Webdesk
Friday, June 18, 2021

രോഗവ്യാപനവും മരണവും കൂടുന്നതിനാല്‍ ഗർഭിണികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കണമെന്ന് ആരോഗ്യവിദഗ്ധർ. ഇക്കാര്യം ഉന്നയിച്ച് കേരളത്തിലെ ഗൈനക്കോളജി ഫെഡറേഷന്‍ കേന്ദ്ര സർക്കാറിന് കത്തയച്ചു. കേരളത്തിൽ രണ്ടാം തരംഗമുണ്ടായ രണ്ട് മാസത്തിനിടെ 37 ഗർഭിണികളാണ് മരിച്ചത്. ആദ്യ തരംഗത്തിൽ ഒരു വർഷത്തിനിടെ ആകെ ഏഴുപേർ മാത്രമാണ് സംസ്ഥാനത്ത് മരിച്ചത്.

ഗർഭിണികൾക്ക് വാക്സിൻ നൽകേണ്ടതില്ലെന്നാണ് നിലവിൽ രാജ്യം പിന്തുടരുന്ന പ്രോട്ടോക്കോൾ. ഇതിൽ മാറ്റം വരുത്തണമെന്നാണ് ഐസിഎംആറിന്‍റെ കണക്കുകൾ ഉദ്ദരിച്ച് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നത്. ദേശീയ തലത്തില്‍ രണ്ടാം തരംഗത്തിൽ 5.7 ശതമാനമാണ് ഗർഭിണികളുടെ മരണ നിരക്ക്. ഒന്നാം തരംഗത്തിൽ ഇത് 0.7 ശതമാനം മാത്രമായിരുന്നു. ആദ്യ തരംഗത്തില്‍ കൊവിഡ് ബാധിതരായ ഗര്‍ഭിണികള്‍ 14.7 ശതമാനമായിരുന്നെങ്കില്‍ രണ്ടാം തരംഗത്തില്‍ അത് 28.7 ശതമാനമായി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് മൂന്നാം തരംഗം എത്തും മുമ്പേ ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കണമെന്ന് ഗൈനക്കോളജി ഫെഡറേഷന്‍ ആവശ്യപ്പെടുന്നത്.

കേരളത്തിലും ഗർഭിണികളുടെ മരണത്തിൽ വർധനയുണ്ട്. ഈ വർഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രം 37 ഗർഭിണികൾ മരിച്ചു. ആദ്യ തരംഗത്തിൽ ഒരു വർഷത്തിനിടെ ആകെ ഏഴു പേർ മാത്രമാണ് സംസ്ഥാനത്ത് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ അഞ്ചു പേരും കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളജുകളില്‍ മൂന്ന് പേർ വീതവും മരിച്ചു. ന്യൂമോണിയ അടക്കമുള്ള ഗുരുതര ലക്ഷണങ്ങളോടെയാണ് കൂടുതല്‍ പേരും ഇപ്പോള്‍ ചികിത്സ തേടുന്നത്.

ഗർഭിണികള്‍ക്ക് കൂടി വാക്സിന്‍ നല്‍കി മാത്രമേ മൂന്നാം തരംഗത്തെ ആശങ്കയില്ലാതെ മറിടക്കാന്‍ നമുക്ക് കഴിയൂവെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.