ബാറുകൾക്ക് പുറമേ ക്ലബുകളിലും ഇനി മദ്യവിൽപന കൗണ്ടറുകൾ

Jaihind Webdesk
Wednesday, February 27, 2019

ബാറുകൾക്ക് പുറമേ ക്ലബുകളിലും യഥേഷ്ടം മദ്യവിൽപന കൗണ്ടറുകൾ അനുവദിക്കാൻ സർക്കാർ നീക്കം. ക്ലബുകളിൽ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ഉടൻ ഉത്തരവിറങ്ങും. ക്ലബുകളിൽ അധികമായി ആരംഭിക്കുന്ന ഓരോ കൗണ്ടറിനും 50,000 രൂപയാണ് വാർഷിക ഫീസ്.

ബാറുകളിൽ യഥേഷ്ടം മദ്യവില്പന കൗണ്ടറുകൾ തുറക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് ക്ലബുകളിലും പരിധിയില്ലാതെ കൗണ്ടറുകൾ തുറക്കാൻ അനുമതി നൽകാൻ എക്‌സൈസ് വകുപ്പിന്റെ നീക്കം. ബാറുകളിൽ 25,000 രൂപയാണ് പുതുതായി തുറക്കുന്ന ഓരോ കൗണ്ടറിനും വാർഷിക ഫീസായി നൽകേണ്ടത്. എന്നാൽ ക്ലബുകൾക്ക് ഇത് 50,000 രൂപ വരെയാണ്.

ക്ലബ് റൂമിന് പുറത്ത് കൗണ്ടർ തുറക്കുന്നതിന് 30,000 രൂപയാണ് വാർഷിക ഫീസ്. റൂഫ്‌ടോപ്, നീന്തൽക്കുളം എന്നിവിടങ്ങളിൽ കൗണ്ടർ പ്രവർത്തിപ്പിക്കുന്നതിന് 50,000 രൂപയും നൽകണം. സംസ്ഥാനത്ത് വൻകിട ക്ലബുകൾ പാട്ടത്തുകയിലടക്കം സർക്കാരിന് കോടികളുടെ കുടിശ്ശിക വരുത്തിയിരിക്കെയാണ് എക്‌സൈസ് വകുപ്പ് പുതിയ സൗകര്യം ചെയ്തു കൊടുക്കാൻ ഒരുങ്ങുന്നത്.

തലസ്ഥാന ജില്ലയിൽ നാഷണൽ ക്ലബ് മാത്രം 5 കോടി രൂപയാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്. ട്രിവാൻഡ്രം ക്ലബ്, ശ്രീമൂലം ക്ലബ് തുടങ്ങിയവയും വൻതുക കുടിശ്ശിക വരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 33 ക്ലബുകൾക്കാണ് ബാർ ലൈസൻസുള്ളത്. ബാറുകളുടെ വാർഷിക ലൈസൻസ് ഫീസ് 28 ലക്ഷവും ക്ലബുകളുടേത് 15 ലക്ഷം രൂപയുമാണ്.