ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. ഇതിനായുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമായിരുന്നു തീരുമാനം.
രാജ്യസഭയില്‍ അമിത് ഷാ സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. മന്ത്രിയുടെ പ്രസ്താവനയ്ക്ക് മുന്‍പ് കശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.
കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്‍റെ ഭാഗമായി കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു. സ്‌കൂളുകളും മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിട്ടു. വിനോദസഞ്ചാരികളെയും അമര്‍നാഥ് യാത്രികരെയും കശ്മീരില്‍ നിന്ന് പുറത്തുപോകാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സാജിദ് ലോണ്‍ തുടങ്ങിയ മുതിര്‍ന്ന രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഇതിനെതിരെ ഒട്ടേറെ നേതാക്കള്‍ എതിര്‍പ്പുമായി എത്തിയിരുന്നു.