തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ പി.എസ്.സിയെ നോക്കു കുത്തിയാക്കി താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം തൊഴില്‍രഹിതരായ ലക്ഷക്കണക്കിന് യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം കിട്ടിയതോടെ എന്തും ആകാം എന്ന മട്ടിലാണ് സര്‍ക്കാര്‍. നേരത്തെ തന്നെ പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡിട്ട സര്‍ക്കാര്‍ ഇപ്പോള്‍ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ പോലും താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുകയാണ്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ മൂവായിരത്തോളം പേരെ സ്ഥിരിപ്പെടുത്താന്‍ പോവുകയാണ് എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് കഴിഞ്ഞ ദിവസം 35 താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റു സര്‍വ്വകാലശാലകളിലും ഇത് നടക്കാന്‍ പോവുകയാണ്. കേരള സര്‍വ്വകലാശാലയിലെ നിയമനത്തട്ടിപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് സര്‍വ്വകലാശാലകളിലെ നിയമനം പി.എസ്.സിക്ക് വിട്ടത്.
തുടര്‍ന്ന് അസിസ്റ്റന്‍റ് നിയമനവും കംപ്യൂട്ടര്‍ അസിസ്റ്റന്‍റ് നിയമനവും പി.എസ്.സി വഴി നടത്തുകയുണ്ടായി. മറ്റു തസ്തികകളിലേയും നിയമനങ്ങളും പി.എസ്.സി വഴി നടത്താതെയാണ് താത്ക്കാലികക്കാരെയും ദിവസവേതനക്കാരെയും കൂട്ടത്തോടെ ഇപ്പോള്‍ സ്ഥിരപ്പെടുത്താന്‍ പോകുന്നത്. കിലയില്‍ കരാര്‍ ജീവനക്കാരെയും ദിവസവേതനക്കാരെയും സ്ഥിരപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ആഴ്ച ഉത്തരവിറക്കി. മറ്റു സ്ഥാപനങ്ങളിലും നൂറു കണക്കിന് താത്ക്കാലിക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം.
രാത്രി പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി റാങ്കിലിസ്റ്റുകളില്‍ കയറിപ്പറ്റുന്നവരെ വിഡ്ഢികളാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴും അനധികൃതമായി പിന്‍വാതില്‍ വഴി കയറിപ്പറ്റിയവരാണ് ഇവരില്‍ ഏറെയും. നൂറിലേറെ പി.എസ്.സി റാങ്ക് ലിസ്റ്റുകളാണ് നിയമനം നടത്താതെ ഈ സര്‍ക്കാര്‍ റദ്ദാക്കിയത്.
റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടും നിയമം ലഭിക്കാതെ ലിസ്റ്റ് റദ്ദാക്കപ്പെട്ടതില്‍ മനം നൊന്ത് ആത്മഹത്യയില്‍ ആഭയം പ്രാപിച്ച കാരക്കോണം സ്വദേശി അനു എന്ന യുവാവ് ഈ സര്‍ക്കാരിന്റെ ക്രൂരതയുടെ ഇരയാണ്. എന്നിട്ടും റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാതിരിക്കുകയും തങ്ങള്‍ക്ക് വേണ്ടപ്പെട്ട താത്ക്കാലിക്കാരെ നിയമിക്കുകയും ചെയ്യകയാണ് സര്‍ക്കാര്‍. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത് ഉമാദേവിക്കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ്.
മുഖ്യമന്ത്രിയുടെ കീഴിലെ ഐ.ടി വകുപ്പിലും മറ്റും കണ്‍സള്‍ട്ടന്‍സികള്‍ വഴി യാതൊരു യോഗ്യതയുമില്ലാത്തവരെ വന്‍ ശമ്പളത്തില്‍ തിരുകിക്കയറ്റിയത് വിവാദമുണ്ടാക്കിയിരുന്നു. അതിന്മേല്‍ അന്വേഷണവും നടന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും അനധികൃത നിയമനങ്ങള്‍ നടത്താന്‍ ലൈസന്‍സ് കിട്ടിയിരിക്കുകായാണെന്നാണ് സര്‍ക്കാര്‍ ധരിച്ചരിക്കുന്നത്. അത് അനുവദിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.