കാരുണ്യ പദ്ധതി: ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികളില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുത്: രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, July 10, 2019

തിരുവനന്തപുരം: രാജ്യത്തിന് തന്നെ മാതൃകയായിരുന്ന കാരുണ്യ പദ്ധതി ഈ സര്‍ക്കാര്‍ എന്തിനാണ് അട്ടിമറിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി ഒരു വര്‍ഷം കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നല്ല കാര്യം. പക്ഷേ അത് അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്ന പിടിവാശിയാണ് ധനമന്ത്രി തോമസ് ഐസക്ക് കാണിക്കുന്നത്. യു.ഡി.എഫ് കാലത്ത് ആവിഷ്‌ക്കരിച്ച പദ്ധതിയായതിനാല്‍ അതിനെ എങ്ങനെയും കുഴിച്ചു മൂടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികളിലെങ്കിലും രാഷ്ട്രീയം കളിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

കാരുണ്യക്ക് പകരം നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയൂഷ്മാന്‍ ഭാരതുമായി ചേര്‍ന്നുള്ള പുതിയ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇത് വരെ കാര്യക്ഷമമായിട്ടുമില്ല. ഒരിക്കലും കാരുണ്യയ്ക്ക് പകരമാവില്ല പുതിയ പദ്ധതി. സര്‍ക്കാര്‍ പുതുതായി കൊണ്ടു വരുന്ന്ത ഇന്‍ഷ്വറന്‍സ് പദ്ധതിയാണ്. അതില്‍ ചേര്‍ന്നവര്‍ക്ക് മാത്രമേ അതിന്‍രെ ഗുണം ലഭിക്കൂ. കാരുണ്യ അതല്ല. രോഗം വന്നാല്‍ ഏത് പാവങ്ങള്‍ക്കും ചികിത്സാ സഹായം ലഭിക്കും.ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായിരുന്നു കാരുണ്യബലവന്റ് പദ്ധതി. അത്യാവശ്യഘട്ടങ്ങളില്‍ 24 മണിക്കൂറിനകം 2 ലക്ഷം രൂപ വരെ ഈ പദ്ധതി വഴി ലഭ്യമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് ചില്ലിക്കാശ് എടുക്കാതെ കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനമെടുത്താണ് പാവപ്പെട്ടവര്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കിയിരുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം കാരുണ്യ ലോട്ടറിയില്‍ നിന്ന് ലഭിച്ചത് 1,113.65 കോടി രൂപയാണ്. ഇതില്‍ നിന്ന് പോലും സര്‍ക്കാര്‍ കയ്യിട്ട് വാരനാണ് നോക്കുന്നത്. ഇത്രയും തുക ലഭിക്കുമ്പോഴും കാരുണ്യ ചികിത്സയക്ക് ആവശ്യമായ തുക സര്‍ക്കാര്‍ നല്‍കുന്നില്ല. കാരുണ്യ പോലെതന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ കാര്‍ക്കും വേണ്ടി തയ്യാറാക്കിയ ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പും വെള്ളത്തിലായിരിക്കുകയാണ്. ഈ പദ്ധതിയില്‍ തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, ആര്‍.സി.സി. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ളസംസ്ഥാനത്തെ പ്രമുഖ ആശുപത്രികള്‍ ചേര്‍ന്നിട്ടില്ല. ഇതിന്റെ നടത്തിപ്പ് സ്വകാര്യ കുത്തക കമ്പനിയായ റിലയന്‍സിനെയാണ് സര്‍ക്കാര്‍ ഏല്പിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം എല്ലാ ആരോഗ്യപദ്ധതികളെയും സ്വകാര്യ ഏജന്‍സികളെ ഏല്പിക്കുകയാണ്. കാരുണ്യബലവന്റ് പദ്ധതി പൂര്‍ണ്ണമായി നിര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണം. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കണമെങ്കില്‍ അത് പ്രത്യേകമായി നടപ്പാക്കണം. അതോടൊപ്പം കാരുണ്യയും തുടരണം.

teevandi enkile ennodu para