‘അണ്‍ലോക്ക്’ രണ്ടാംഘട്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി; വിദ്യാഭ്യാസ സ്ഥാപനങ്ങൾ 31 വരെ തുറക്കില്ല

Jaihind News Bureau
Monday, June 29, 2020

അൺലോക്ക്ഡൗൺ രണ്ടാംഘട്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ജൂലൈ 31 വരെയുള്ള നിർദ്ദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.  വിദ്യാഭ്യാസ സ്ഥാപനങ്ങൾ 31 വരെയും തുറക്കില്ല. തിയറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ, മെട്രോ സർവീസുകൾ എന്നിവയ്ക്കും പ്രവർത്തനാനുമതി ഇല്ല.

ജൂലൈയിലും രാജ്യാന്തരവിമാനസര്‍വീസുകള്‍ പുനരാരംഭിക്കില്ല. ആഭ്യന്തര വിമാന സർവീസുകളും ട്രെയിനുകളും കൂടും. ആൾക്കൂട്ടമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികൾക്ക് വിലക്ക് തുടരും.

രാത്രികാല കര്‍ഫ്യൂ രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ ആക്കി. ഓഫീസുകളിൽ ആളുകൾ കൂട്ടം കൂടിയിരുന്ന ജോലി ചെയ്യുന്നത് രോഗവ്യാപനം കൂടാനുള്ള സാഹചര്യം വർധിക്കുന്നതിനാൽ പരമാവധി ആളുകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും നിർദേശം.

കണ്ടെയ്ൻമെന്റ് സോണുകളിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും. ബാറുകളിൽ ഇരുന്ന് മദ്യപാനം അനുവദിക്കില്ല. രാത്രി സമയത്തെ കർഫ്യൂ സമയം കുറച്ചു. പത്തു മുതൽ പുലർച്ചെ അഞ്ചു വരെയാണു കർഫ്യൂ.  കടകളിൽ സ്ഥലസൗകര്യമനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാം.