ഉത്തരമില്ലാത്ത സര്‍ക്കാര്‍; ‘വിവരം ശേഖരിച്ചു വരുന്നു’ മറുപടിയില്‍ ഒളിച്ചോടുന്നു; നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പിണറായി സര്‍ക്കാര്‍

Jaihind Webdesk
Friday, October 18, 2019

Kerala-Assembly

സർക്കാരിനെക്കുറിച്ചും ചെലവുകളെക്കുറിച്ചും നിയമസഭയില്‍ എം.എല്‍.എമാർ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സർക്കാർ. ഈമാസം 28 ന് വീണ്ടും നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ കഴിഞ്ഞ സമ്മേളനങ്ങളിൽ ഉന്നയിച്ച പ്രധാന ചോദ്യങ്ങൾക്കു പോലും ഉത്തരം കിട്ടാത്ത അവസ്ഥയിലാണ് എം.എല്‍.എമാർ. സർക്കാരിനെതിരെ വാളോങ്ങാന്‍ ഇടയാക്കുന്ന ചോദ്യങ്ങള്‍ക്കാണ് ഉത്തരമില്ലാത്ത അവസ്ഥ. ചോദ്യങ്ങൾക്കു ‘വിവരം ശേഖരിച്ചു വരുന്നു’ എന്നാണ് ഉത്തരം. പല ചോദ്യങ്ങൾക്കും ഇങ്ങനെയൊരു ഉത്തരം പോലുമില്ല. ഉത്തരമില്ലാ ചോദ്യങ്ങൾ ഓരോ സമ്മേളനത്തിലും ആവർത്തിക്കുമ്പോൾ സഭയിലെ ചോദ്യോത്തര വേള തന്നെ പ്രഹസനമാവുകയാണ്.

എംഎൽഎമാർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം തലേന്നു വൈകിട്ട് അഞ്ചിനു മുൻപ് മന്ത്രിമാരുടെ ഓഫിസിൽ നിന്നു സഭയിൽ എത്തിക്കണമെന്നാണു ചട്ടം. മറുപടി തയാറാക്കാൻ കഴിഞ്ഞില്ലെങ്കിൽ 15 ദിവസം കൂടി നൽകും. അതു കഴിഞ്ഞു നൽകുന്ന മറുപടികൾക്കൊപ്പം, വൈകിയതിന്റെ കാരണവും രേഖപ്പെടുത്തണം. എന്നാൽ, വിവിധ വകുപ്പുകളിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ കൃത്യമായി മന്ത്രിമാർക്കു ലഭിക്കുന്നുണ്ടെങ്കിലും ഇതു പലപ്പോഴും നിയമസഭയിൽ എത്തില്ല സർക്കാരിനു ക്ഷീണമുണ്ടാക്കുന്ന മറുപടികൾ മന്ത്രിമാരുടെ ഓഫിസിൽ തന്നെ കെട്ടിപ്പൂട്ടി വയ്ക്കും.

പകരം വിവരം ശേഖരിച്ചു വരുന്നുവെന്ന മറുപടിയാകും സഭയ്ക്കു കൈമാറുക. ഫലത്തിൽ ആയിരക്കണക്കിന് ഉദ്യോഗസ്ഥർ ചേർന്നു ശേഖരിക്കുന്ന വിവരങ്ങൾ പുറംലോകം കാണില്ല. 10 രൂപ ചെലവിട്ടു വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ ആർക്കും ലഭിക്കുന്ന വിവരങ്ങളാണ് എംഎൽഎമാർക്കു മാസങ്ങൾ കഴിഞ്ഞിട്ടും സഭയിൽ‌ കിട്ടാത്തത്.

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ

∙ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും അവരെ അനുഗമിച്ച ഉദ്യോഗസ്ഥരുടെയും വിദേശ യാത്രകൾക്കായി എത്ര രൂപ ചെലവായി?

∙ സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ 2019 മാർച്ച് 31 വരെ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ വകുപ്പു തിരിച്ചുള്ള കണക്ക്?

∙ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട് ഇപ്പോൾ വാടവീടുകളിൽ കഴിയുന്നവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

∙മുഖ്യമന്ത്രിയുടെ ടെലിവിഷൻ സംവാദ പരിപാടിക്കായി ഇതുവരെ എത്ര തുക ചെലവിട്ടു?

∙ ജനസാന്ത്വനം പദ്ധതി പ്രകാരം എത്ര പേർക്കു സഹായം നൽകി?

∙ കഴിഞ്ഞ മണ്ഡലകാലത്ത് എത്ര വനിതകളെയാണു പൊലീസ് സുരക്ഷയിൽ ശബരിമലയിൽ പ്രവേശിപ്പിച്ചത്?

∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഓരോരുത്തർക്കും ഇതുവരെ നൽകിയ പരോളിന്റെ അവധിയുടെയും വിശദാംശങ്ങൾ?

∙ ഈ സർക്കാരിന്‍റെ കാലത്തെ കസ്റ്റഡി മരണങ്ങളുടെ വിശദാംശങ്ങൾ.

∙ മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനം കൊണ്ട് എന്തു വ്യാവസായിക നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടാകുന്നത്?

∙ സർക്കാർ 1000 ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി നടന്ന ഉദ്ഘാടനങ്ങൾ ഏതൊക്കെ?

∙ ഇൗ സർക്കാരിന്റെ കാലത്ത് എത്ര ക്രിമിനൽ കേസുകൾ പിൻവലിച്ചു?

∙ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ എത്ര കേസുകളുണ്ടായി?

∙ സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ കണക്കിൽ കവിഞ്ഞ ആശ്രിത നിയമനം സംബന്ധിച്ച കണക്ക്.