കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം എല്‍ഐസിയെ ഏല്‍പ്പിക്കാനുള്ള നീക്കം ദുരുദ്ദേശപരം, സര്‍ക്കാര്‍ പിന്മാറണം : തമ്പാനൂര്‍ രവി

Jaihind Webdesk
Thursday, June 10, 2021

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം എല്‍ഐസിയെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിഡ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് തമ്പാനൂര്‍ രവി. എല്‍ഐസിയെ പെന്‍ഷന്‍ വിതരണം ഏല്‍പ്പിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാര്‍ക്ക് കാലാകാലങ്ങളിലെ ശമ്പള പരിഷ്കരണത്തിലൂടെ ലഭിക്കുന്ന വര്‍ധനയും വിലവര്‍ധനവിനനുസരിച്ച് ലഭിക്കുന്ന ഡിഎ വര്‍ധനവും തടയുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് തമ്പാനൂര്‍ രവി ആരോപിച്ചു. ശമ്പളവും പെന്‍ഷനും മുടങ്ങാതെ വിതരണം ചെയ്യുമെന്ന്  ഉറപ്പ് നല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരെ  വഞ്ചിക്കുകയാണ് ചെയ്യുന്നത്. 2013 മുതല്‍ കെഎസ്ആര്‍ടിസിയില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി കഴിഞ്ഞതിനാല്‍ അതിന് മുമ്പു നിയമിച്ചവരുടെ പെന്‍ഷന്‍ ബാധ്യത പൂര്‍ണ്ണമായും ക്രമേണ ഇല്ലാതാകും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതരപൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ലഭിക്കുന്നതില്‍ നിന്നും വളരെ കുറഞ്ഞ പെന്‍ഷനും പെന്‍ഷന്‍ ആനുകൂല്യങ്ങളുമാണ്ഇപ്പോള്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്നത്. 5 ഗഡു ഡിഎ ഇപ്പോഴും കുടിശികയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2014 ല്‍ പകുതി പെന്‍ഷന്‍ ബാധ്യത ഏറ്റെടുത്തിരുന്നു. പെന്‍ഷന്‍ കിട്ടാതെ നിരവധിപേര്‍ ആത്മഹത്യ ചെയ്യുകയും ബഹുജനരോഷം ഉയരുകയും ചെയ്ത ശേഷമാണ് ഒന്നാം പിണറായി സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശിക മുടക്കമില്ലാതെ വിതരണം ചെയ്യാന്‍ തുടങ്ങിയത്.

സാമൂഹിക സുരക്ഷിത ബാധ്യത നിറവേറ്റി സര്‍ക്കാരിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം എന്നനിലയില്‍ വിദ്യാഭ്യാസ ആരോഗ്യമേഖലകള്‍ക്ക് അനുവദിക്കുന്ന സാമ്പത്തിക സഹായവും സംരക്ഷണവും കെഎസ്ആര്‍ടിസിക്കും അനുവദിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ശമ്പള പരിഷ്കരണത്തിന് ആവശ്യമായ ചര്‍ച്ചകള്‍ എത്രയും വേഗം നടത്തണം.

കെഎസ്ആര്‍ടിസിയെയും ജീവനക്കാരെയും നശിപ്പിക്കുന്ന നിരവധി തീരുമാനങ്ങള്‍ ശമ്പളക്കരാറിന്‍റെ ഭാഗമായി യൂണിയനുകളെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സര്‍ക്കാരും മാനേജ്മെന്‍റും കൊവിഡ് കാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടത്തുന്ന നീക്കം ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.