തിരുവനന്തപുരം : കെ എസ് യു മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊലീസ് അതിക്രമത്തെപ്പറ്റി ഉന്നത തലത്തിലുള്ള വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വളഞ്ഞ വഴിയിലൂടെ നടപ്പാക്കുന്നതിനെതിരെ സമാധാനപരമായി മാര്‍ച്ച് നടത്തിയ കെ എസ് യു അധ്യക്ഷന്‍ അഭിജിത് അടക്കമുള്ളവര്‍ക്കെതിരെ പോലീസ് നരനായാട്ടാണ് അഴിച്ചുവിട്ടത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. താഴെ വീണു കിടന്നവരെ വളഞ്ഞിട്ട് തല്ലി. നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
ഇതിന് ഉത്തരവാദികളായ പോലീസ്ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സമാധാനപരമായി നടത്തിയ കെഎസ് യു മാര്‍ച്ചിനെതിരെ ഗ്രനേഡ് പ്രയോഗവും ലാത്തിചാര്‍്ജും നടത്തിയതില്‍ ദുരൂഹതയുണ്ട്. പോലീസില്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവും ഇല്ലെന്നു സമീപകാലത്ത് നടന്ന അതിക്രമങ്ങള്‍ തെളിയിക്കുന്നു. വിദ്യാര്‍ത്ഥികളെ മൃഗീയമായി തല്ലിച്ചതച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.