സാഹചര്യം മുതലെടുത്ത് ഇന്ത്യന്‍ കമ്പനികളെ റാഞ്ചാന്‍ വിദേശ ശക്തികള്‍; ഇത്തരം ശ്രമങ്ങള്‍ കേന്ദ്രം അനുവദിക്കരുതെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, April 13, 2020

രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കി കൊവിഡ്-19 കൂടി കടന്നെത്തിയതിന് പിന്നാലെ കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യന്‍ കമ്പനികളെ ലക്ഷ്യമിട്ട് വിദേശ ശക്തികള്‍ കടന്നുകയറാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. രാജ്യം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കടന്നുകയറ്റ ശ്രമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തടയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘രാജ്യത്തെ കടുത്ത സാമ്പത്തികമാന്ദ്യത്തെ തുടർന്ന് ദുര്‍ബലപ്പെട്ടിരിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങള്‍ ഏറ്റെടുപ്പുകാരുടെ ശ്രദ്ധാകേന്ദ്രങ്ങളായിരിക്കുകയാണ്. രാജ്യം ഒരു വലിയ പ്രതിസന്ധിയിലായിരിക്കുന്ന ഈ സമയത്ത് വിദേശ ശക്തികളുടെ ഇത്തരം താല്‍പര്യങ്ങള്‍ കേന്ദ്രം അനുവദിക്കാന്‍ പാടില്ല’- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

എച്ച്.ഡി.എഫ്‌.സി ബാങ്കിലെ തങ്ങളുടെ ഓഹരികള്‍ ചൈനീസ് കമ്പനിയായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വലിയരീതിയില്‍ വർധിപ്പിച്ചത് നേരത്തെ വാർത്തയായിരുന്നു. 1.75 കോടി ഷെയറുകളാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പി.ബി.ഒ.സി) കൈക്കലാക്കിയത്.