കമ്പ്യൂട്ടറുകളും മൊബൈല്‍ഫോണും നിരീക്ഷിക്കാന്‍ കേന്ദ്ര ഉത്തരവ്; നീരീക്ഷിക്കാന്‍ 10 ഏജന്‍സികള്‍; രാജ്യത്ത് സൈബര്‍ അടിയന്തിരാവസ്ഥ.

Jaihind Webdesk
Friday, December 21, 2018

രാജ്യത്തെ മുഴുവന്‍ കമ്പ്യൂട്ടറുകളും മൈാബൈല്‍ ഫോണുകളും നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പത്ത് ഏജന്‍സികള്‍ക്ക് അധികാരം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറക്കി. കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും സൂക്ഷിച്ചിട്ടുള്ള ഏതു ഡേറ്റയും പിടിച്ചെടുക്കാനും പരിശോധിക്കാനും ഏജന്‍സികളെ ഏര്‍പ്പെടുത്തി കൊണ്ടാണ് ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്. എന്‍.ഐ.എ, സി.ബി.ഐ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ തുടങ്ങിയ ഏജന്‍സികള്‍ക്കും നികുതി പരിശോധനാ വിഭാഗത്തിനും ഈ ഉത്തരവ് പ്രകാരം ഡേറ്റകള്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കാനാവും. 2000ലെ ഐടി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് നിലവിലെ ഉത്തരവ്. ഐ.ടി നിയമത്തിലെ 69(1) എന്ന വകുപ്പാണ് ഇതിനായി ഭേദഗതി ചെയ്തത്. ഇതോടെ സൈബര്‍ സ്വകാര്യത രാജ്യത്ത് ഇല്ലാതാകുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്.

രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യതയുടെയും മൗലികാവാകാശങ്ങളുടെയും ലംഘനമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഉത്തരവിന്റെ സ്വഭാവം അനുസരിച്ച് രാജ്യത്ത് അപ്രഖ്യാപിത സൈബര്‍ അടിയന്തിരാവസ്ഥ സംജാതമായെന്നും വിവിധ കോണുകളില്‍ നിന്നുള്ള വിമര്‍ശനത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയാവതരണത്തിന് നോട്ടീസും നല്‍കിക്കഴിഞ്ഞു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണ് അടിയന്തിര പ്രമേയനോട്ടീസ് നല്‍കിയിട്ടുള്ളത്.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ രാജ്യത്ത് പൗരന്‍മാരുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തണനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ഫാസിസത്തിന്റെ വികൃതമായ മുഖമാണ് ഉത്തരവിലൂടെ നിലവില്‍ പുറത്തു വന്നിട്ടുള്ളതെന്നും രാജ്യത്താകമാനമുള്ള പ്രതിപക്ഷ കക്ഷികള്‍ വിലയിരുത്തുന്നു. മുമ്പ് ഗോരക്ഷയുടെ പേര് പറഞ്ഞുള്ള കൊലപാതകങ്ങള്‍ വ്യാപകമായപ്പോള്‍ മുതല്‍ രാജ്യത്ത് വമ്പന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. എന്തു കഴിക്കണം, എന്ത് ചിന്തിക്കണം, എന്ത് എഴുതണം, എങ്ങനെ വസ്ത്രം ധരിക്കണം, ആരുടെയൊപ്പം ആരൊക്കെ സമയം ചെലവഴിക്കണം എന്നത് സംബന്ധിച്ച് സംഘപരിവാര്‍ – ബി.ജെ.പി അജന്‍ഡകള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഭരണത്തിന്റെ തുടക്കം മുതല്‍ തന്നെ ബി.ജെ.പിയും ആര്‍.എസ്.എസും മറ്റ് സംഘപരിവാര്‍ സംഘടനകളും പുറത്തെടുത്തിരുന്നു. ഇതിന്റെ ഫലമായി ദാദ്രിയിലടക്കം ഗോമാംസത്തിന്റെ പേരില്‍ കൊലപാതകവും നടന്നിരുന്നു.

ഇതിനു പിന്നാലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാറിന്റെ നേതൃത്വതത്തില്‍ ആര്‍ി റോമിയോ സ്‌ക്വാഡും നിലവില്‍ വന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഒരുമിച്ച് പാര്‍ക്കുകളിലും പൊതുയിടങ്ങളിലും ഒരുമിച്ചിരുന്നാല്‍ ഇവരെത്തി മൃഗീയ പീഡനങ്ങളും അഴിച്ചുവിട്ടിരുന്നു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടച്ച പ്രധാനമന്ത്രി മോദിയും കേന്ദ്ര സര്‍ക്കാരുമാണ് ഇപ്പോള്‍ രാജ്യത്ത് സൈബര്‍ സവകാര്യത ഇല്ലാതാക്കാന്‍ നിയമനിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.