സംസ്ഥാനത്തെ ക്ഷേമ നിധി ബോർഡുകൾ സാമ്പത്തിക പ്രതിസന്ധിയിൽ എന്ന് സർക്കാർ. അതേസമയം 16 ക്ഷേമനിധി ബോർഡുകൾ 11 ആയി കുറയ്ക്കാനുള്ള തീരുമാനം സർക്കാർ അജണ്ടയുടെ ഭാഗമാണെന്നും ധൂർത്തു കാരണമാണ് ബോർഡുകള്‍ പ്രതിസന്ധിയിലായതെന്നും വിമർശനം ഉയരുന്നു. പല സ്ഥാപനങ്ങളുടെയും, ഉടമകളെ സഹായിക്കാനാണു സർക്കാർ തീരുമാനം എന്നാണ് ആരോപണം
ഉയർന്ന ഭരണച്ചെലവ് കാരണം മിക്ക ക്ഷേമനിധി ബോർഡുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. പല ബോർഡുകളുടെയും നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിട്ടുണ്ട്. ബോർഡുകളിൽ അംഗമായ തൊഴിലാളികളുടെ ക്ഷേമം പ്പോലും ഉറപ്പുവരുതാൻ സർക്കാരിന് കഴിയുന്നില്ല. ഈ സാചര്യത്തിൽ ബോർഡുകളുടെ എണ്ണം കുറയ്ക്കണം എന്നാണ് സർക്കാർ തീരുമാനം.
ഈ പ്രശ്‌നം പഠിക്കാൻ ലേബർ കമീഷണർ അധ്യക്ഷനായി തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സബ്കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് 16 ബോർഡുകൾ 11 ആയി കുറയ്ക്കാൻ തീരുമാനിച്ചത്. ഇതു പ്രാവർത്തികമാക്കുന്നതിന് നിയമനിർമാണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് കേരള ഷോപ്പ്‌സ് ആന്‍റ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോർഡുമായും സംയോജിപ്പിക്കും. അതേസമയം ആഭരണ നിർമ്മാണ തൊഴിലാളി ബോർഡ്, ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ബോർഡിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ആക്ഷേപം ഉയർന്നു. കോടികൾ വരുന്ന സെസ്സ് അടയ്ക്കാത്ത ജൂവലറി ഉടമകളെ സഹായിക്കാനാണു ഈ തീരുമാനം എന്നാണ് ആരോപണം. മറ്റു വിഭാഗങ്ങളിലും പ്രതിഷേധം ഉണ്ട്. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ലേബർ വെൽഫയർ ഫണ്ട് ബോർഡുമായി ചേർക്കും. കേരള ബീഡി ആന്‍റ് സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡുമായുമാണ് സംയോജിപ്പിക്കുക. സാമ്പത്തിക ബാധ്യതയുട പേരിൽ മുതലാളിമാരെ സഹായിക്കാനാണ് നീക്കം എന്നാണ് വിമർശനം.