കേന്ദ്ര സർക്കാർ ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും പേരിൽ വേർതിരിക്കുന്നു

രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും പേരിൽ വേർതിരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് രാജ്യസഭാ പ്രതിപക്ഷ ഉപ നേതാവ് ആനന്ദ് ശർമ്മ പറഞ്ഞു. മുൻ മന്ത്രിയും കെ.പി.സി.സി വൈസ് പ്രസിഡന്‍റുമായിരുന്ന പോൾ പി. മാണി അനുസ്മരണ സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

മുൻ സർക്കാരുകളുടെ കാലത്തെ നേട്ടങ്ങൾ വിദേശ രാജ്യങ്ങളിൽ പോയി പ്രസംഗിച്ചു നിർവൃതി അടയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി . രാജ്യത്തെ കെട്ടിപ്പടുക്കാൻ ത്യാഗം സഹിച്ചവരെ അപമാനിക്കുന്ന പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാരും ബി.ജെ.പി യും ഇപ്പോൾ നടത്തുന്നത്.  പ്രവർത്തകർ ഒറ്റകെട്ടായി ഉണർന്നു പ്രവർത്തിച്ചാൽ 2019 ൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ആനന്ദ് ശർമ്മ പറഞ്ഞു

സംവാദങ്ങളെ പോലും മോഡി സർക്കാർ ഭയക്കുകയാണ്.  പതിനായിരക്കണക്കിന് ദേശാഭിമാനികൾ ജീവൻ നൽകി നേടിയെടുത്ത സ്വാതന്ത്ര്യമാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ളവരാണ് സംഘപരിവാറുകാർ, അവരാണ് ഇപ്പോൾ രാജ്യ സ്‌നേഹം പറഞ്ഞു നടക്കുന്നത് . ബഹുസ്വരതയുള്ള രാജ്യത്തു RSS നെ ആദ്യമായി നിരോധിച്ചത് കോൺഗ്രസ്സാണ്.  അന്നത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായി പട്ടേലിനെ ഇപ്പോൾ സംഘപരിവാർ സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി .

തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയവും തോൽവിയും ഉണ്ടായിട്ടുണ്ട്. തോൽവികളിൽ നിന്നും ഉയർത്തെഴുനേറ്റ ചരിത്രമാണ് കോൺഗ്രസിന്‍റേതെന്നും ആനന്ദ് ശർമ്മ വ്യക്തമാക്കി. അടുത്ത തലമുറക്ക് വേണ്ടി കൂടി പൊതു പ്രവർത്തനം നടത്തിയ വ്യക്തികളെ ഒരിക്കലും സമൂഹം മറക്കില്ലെന്നും അത്തരത്തിൽ ഒരാളാണ് പോൾ പി മാണിയെന്നും അദ്ദേഹം അനുസ്മരിച്ചു . ചടങ്ങിൽ വി പി സജീന്ദ്രൻ എം.ൽ എ അധ്യക്ഷത വഹിച്ചു . കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി .സി.  ചാക്കോ, യു ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ , കോൺഗ്രസ് നേതാക്കളായ കെ.ബാബു , കെ.പി.ധനപാലൻ , ഡൊമിനിക് പ്രസന്‍റേഷൻ , ടി.ജെ.വിനോദ് എന്നിവർ സംസാരിച്ചു

 

https://www.youtube.com/watch?v=jPITb1et3dk

anand sharma
Comments (0)
Add Comment