കെ സുധാകരന്‍ എംപിക്കെതിരായ കള്ളക്കേസില്‍ സർക്കാരിന് തിരിച്ചടി; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

 

കൊച്ചി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിക്കെതിരായ കള്ളക്കേസിൽ സർക്കാരിന് തിരിച്ചടി. രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി പൊടിതട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ കെ സുധാകരന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. 21 വരെയാണ് അറസ്റ്റ് തടഞ്ഞത്. മുന്‍കൂർ ജാമ്യഹർജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും.

മോന്‍സന്‍ മാവുങ്കലിന്‍റെ തട്ടിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്‍റ് ധനകാര്യ സ്ഥിരം സമിതി അംഗം എന്ന നിലയില്‍ താന്‍ വാഗ്ദാനം കൊടുത്തെന്നാണ് പറയുന്നത്. അങ്ങനെയൊരു സമിതിയില്‍ താന്‍ അംഗമേ ആയിരുന്നില്ലെന്ന് കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന കാര്യത്തില്‍ ആർക്കും തർക്കമില്ലെന്നും കെ സുധാകരന്‍ എംപി വ്യക്തമാക്കി.

കെപിസിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും കേസില്‍ പെടുത്തി ഇരുത്തിക്കളയാം എന്നാണ് കരുതുന്നതെങ്കില്‍ പിണറായി വിജയന്‍ മൂഢസ്വര്‍ഗത്തിലാണ്. ഒരുപാടു കൊള്ളയടിച്ച കേസില്‍ ജയിലില്‍ കിടക്കേണ്ട മനുഷ്യനാണ് മുഖ്യമന്ത്രിയായി നടക്കുന്നതെന്നും അധികാരമുപയോഗിച്ച് തടഞ്ഞുവച്ചിരിക്കുന്ന മുഴുവന്‍ കേസുകളും ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. കടല്‍ കടന്നു വന്നവരെ കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ടെന്നും കെപിസിസി പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

Comments (0)
Add Comment