പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിന്‍റെ ഓഹരി വിൽക്കാൻ കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകിയതായി പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്ക് ലോകസഭയിൽ അറിയിച്ചു. ഹൈബി ഈഡൻ എംപി പ്രതിരോധ മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതു സംബന്ധിച്ച് ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന് നിലവിൽ 54 .03 % ഓഹരിയാണ് ഉള്ളത്. ഇതിൽ 26 % ഓഹരി വിൽക്കാനാണ് സർക്കാർ തീരുമാനം. റഷ്യയിൽ നിന്ന് വാങ്ങുവാൻ കരാറായ എസ് 400 മിസൈലുകളുടെ പ്രക്രിയ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു. എന്നാൽ എത്ര മിസൈലുകളാണ് കരാറിൽ ഉള്ളതെന്ന ചോദ്യത്തിന് ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഉത്തരം നൽകാൻ കഴിയില്ല എന്ന് മന്ത്രി എഴുതി നൽകിയ മറുപടിയിൽ പറഞ്ഞു.