ധാരണാപത്രത്തിന്‍റെ കോപ്പി നല്‍കാത്ത സർക്കാർ നടപടി : ലൈഫിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ലൈഫ് പദ്ധതിയുടെ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെച്ച്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ലൈഫിലെ ധാരണാപത്രത്തിന്‍റെ കോപ്പി നല്‍കാന്‍ തയാറാകാത്ത  സർക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി.

ലൈഫിലെ ധാരണാപത്രത്തിന്‍റെ കോപ്പി ആവശ്യപ്പെട്ട് ഒന്നര മാസം കഴിഞ്ഞിട്ടും നൽകാൻ സർക്കാർ തയാറായിട്ടില്ല. രമേശ് ചെന്നിത്തല എന്ന വ്യക്തിയായല്ല, പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് ധാരണാപത്രത്തിന്‍റെ കോപ്പി ആവശ്യപ്പെട്ടത്. ഇത് നൽകാൻ തയാറാകാത്തത് പദ്ധതിയിൽ അഴിമതി ഉണ്ടായതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിരവധി അന്വേഷണങ്ങളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നു.

ലൈഫിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ല. ഓവർസീസ് അന്വേഷണം നടത്താന്‍ വിജിലന്‍സിന് പരിമിതികളുണ്ട്. മറ്റ് അന്വേഷണങ്ങള്‍ക്കൊന്നും ലൈഫുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാന്‍ കഴിയില്ലെന്നും കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിരന്തരമായി ആവശ്യപ്പെട്ടിട്ടും ധാരണാപത്രത്തിന്‍റെ കോപ്പി നല്‍കാന്‍ തയാറാകാത്ത സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും തെറ്റായ നിലപാടിൽ പ്രതിഷേധിച്ച് ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെക്കുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

Comments (0)
Add Comment