സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കുന്നതില്‍ സർക്കാർ പരാജയം : സംസ്ഥാനത്ത് 4 മാസത്തിനിടെ 1,225 പോക്സോ കേസുകള്‍ ; ലൈംഗീകാതിക്രമങ്ങള്‍ വർധിക്കുന്നു

Jaihind Webdesk
Tuesday, June 29, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് മാസത്തിനിടെ 1225 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.  2021 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 572 കേസുകളാണ്.

ഏപ്രില്‍ മുതല്‍ 4,707 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃബന്ധുക്കളില്‍ നിന്നോ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ പേരില്‍ 1,080 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2019ല്‍ 1149 കേസുകളാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ പകുതിയോളം കേസുകള്‍ കഴിഞ്ഞ നാല് മാസത്തിനിടെ കേരളത്തിലുണ്ടായി എന്നാണ് കണക്കുകള്‍ പറയുന്നത്.

Rape-victim

തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുക്കുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ നാലുമാസത്തിനിടെ 140 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മലപ്പുറം 184, കൊല്ലം 119, തൃശ്ശൂര്‍ 119, കോഴിക്കോട് 105 എന്നിങ്ങനെയാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.

സ്ത്രീകള്‍ക്കെതിരെയുള്ള ഈ കാലയളവില്‍ അതിക്രമവും വര്‍ധിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രില്‍ വരെ 784 പീഡന കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അത് 1807 ആയിരുന്നു. കഴിഞ്ഞ ഒരുവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പകുതിയിലധികം കേസുകളും ഈ വര്‍ഷം ഏപ്രില്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.