ക്വാറി മാഫിയയ്ക്ക് സർക്കാരിന്‍റെ വഴിവിട്ട സഹായം ; ഖനനപ്പാട്ടവും പെര്‍മിറ്റും നീട്ടി നല്‍കി ; കോടികളുടെ കോഴ ഇടപാട് എന്ന് ആരോപണം

തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന അഴിമതിക്ക് പിന്നാലെ സംസ്ഥാനത്തെ പാറ ക്വാറികള്‍ക്കു ഖനനപ്പാട്ടവും പെര്‍മിറ്റും നീട്ടിക്കൊടുക്കുന്നതിലും കോടികളുടെ അഴിമതിയെന്ന് സൂചന. കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്തു ക്വാറികളുടെ പരിസ്ഥിതി അനുമതി ഒരു വര്‍ഷത്തേക്കു നീട്ടിനല്‍കാമെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍, എല്ലാ ക്വാറികളുടെയും പാട്ടവും (ലീസ്) പെര്‍മിറ്റും നീട്ടി നല്‍കാനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്.

പരിസ്ഥിതി അനുമതി നീട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം പെര്‍മിറ്റോ പാട്ടമോ നീട്ടാനാവില്ലെന്നിരിക്കെയാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉള്‍പ്പെട്ട ഈ നീക്കം. പ്രത്യേക അനുമതിയില്ലാതെ ഒരു വര്‍ഷം കൂടി ഖനനം നടത്താന്‍ അവസരമൊരുക്കിയതില്‍ കോടികളുടെ കോഴ ഇടപാട് ആരോപിക്കപ്പെടുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന ക്വാറികളുടെ പരിസ്ഥിതി അനുമതി കാലഹരണപ്പെട്ടെങ്കില്‍ 2020 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷം അവയ്ക്ക് പരിസ്ഥിതി അനുമതിയുണ്ടെന്നു കണക്കാക്കാമെന്നാണു ജനുവരി 18ലെ കേന്ദ്ര വിജ്ഞാപനത്തില്‍ പറയുന്നത്. അനുമതി നല്‍കുന്നതിനു മുന്നോടിയായുള്ള ക്വാറി സന്ദര്‍ശനം ഉള്‍പ്പെടെ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം നിലച്ച സാഹചര്യത്തിലായിരുന്നു ഇളവ്. സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയാണ് ക്വാറികള്‍ക്ക് അഞ്ച് വര്‍ഷം വീതം പരിസ്ഥിതി അനുമതി നല്‍കുന്നത്.

സംസ്ഥാനത്ത് ഒരു ഹെക്ടര്‍ വരെയുള്ള നൂറിലേറെ ക്വാറികള്‍ക്ക് ഒരു വര്‍ഷത്തെ പെര്‍മിറ്റും അതിനു മുകളിലുള്ള ഏകദേശം 750 ക്വാറികള്‍ക്ക് അഞ്ച് മുതല്‍ 12 വര്‍ഷത്തെ പാട്ടവുമാണ് അനുവദിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഒന്നര മാസത്തേക്കു മാത്രമാണു ക്വാറികള്‍ക്കു സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നത്. ബാക്കി സമയങ്ങളിലെല്ലാം ക്വാറികളില്‍ നല്ലൊരു പങ്കും പ്രവര്‍ത്തിച്ചിരുന്നു. മൈനിങ് പ്ലാന്‍ പ്രകാരമുള്ള അനുവദനീയ അളവില്‍ ഖനനം നടന്ന ക്വാറികളിലും ഒരു വര്‍ഷം കൂടി ഖനനം നടത്താന്‍ പുതിയ ഉത്തരവിലൂടെ കഴിയും. റോയല്‍റ്റിയും മറ്റു നിരക്കുകളും അടയ്ക്കണമെങ്കിലും കോടികളുടെ ബിസിനസ് സാധ്യമാകും. ലീസ് എഗ്രിമെന്റ് റജിസ്റ്റര്‍ ചെയ്യുമ്പോഴുള്ള സ്റ്റാംപ് ഡ്യൂട്ടി ഇനത്തിലും മറ്റും സര്‍ക്കാരിനു കിട്ടേണ്ട വന്‍ വരുമാനം നഷ്ടമാകുകയും ചെയ്യും. വ്യവസായ വകുപ്പിന്റെ വഴിവിട്ട നീക്കങ്ങളാണ് ഇതിന് പിന്നിലുള്ളതെന്നും കരുതപ്പെടുന്നു.

Comments (0)
Add Comment