അതിഥി തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് നല്‍കുന്ന പണം സ്വീകരിക്കാത്ത നടപടി മനുഷ്യത്വരഹിതം: എ.കെ.ആന്‍റണി

Jaihind News Bureau
Tuesday, May 5, 2020

 

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളെ അവരുടെ സ്വന്തം ഗ്രാമങ്ങളിലെത്തിക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കുന്ന പണം സ്വീകരിക്കാന്‍ തയ്യാറാകാത്ത നടപടി തികച്ചും മനുഷ്യത്വ രഹിതമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി. അതിഥി തൊഴിലാളികളോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മനുഷ്യത്വ രഹിതമായ നിലപാടിനെതിരെ ശക്തമായ ജനവികാരം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കണമെങ്കില്‍ അവരോരുത്തരും സ്വന്തം ചെലവില്‍ ടിക്കറ്റ് എടുക്കണമെന്ന ഉപാധി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചതോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇടപെടല്‍ നടത്തിയത്. എന്തെല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും കോണ്‍ഗ്രസ് ഈ മാനുഷിക ദൗത്യം ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടത്തിയതും. കഷ്ടപ്പെടുന്ന അഥിതി തൊഴിലാളികളെ മാന്യമായി നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്താന്‍ പി.സി.സികള്‍ക്ക് സോണിയാഗാന്ധി നിര്‍ദ്ദേശം നല്‍കി. പി.സി.സികള്‍ കീഴ്ഘടകങ്ങള്‍ക്കും സന്ദേശം കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡി.സി.സി പ്രസിഡന്റും എറണാകുളം ഡി.സി.സി പ്രസിഡന്റും ചെക്കുമായി കളക്ടമാരെ സമീപിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈ പണം വാങ്ങാന്‍ പറ്റില്ലെന്ന സമീപനമാണ് ജില്ലാ കളക്ടര്‍മാര്‍ സ്വീകരിച്ചത്. ചില ജില്ലകളില്‍ കളക്ടര്‍മാര്‍ നേതാക്കള കാണാന്‍ കൂട്ടാക്കിയുമില്ല. ഏറ്റവും പ്രതിഷേധാര്‍ഹമായ നടപടിയാണിത്.-ആന്‍റണി പറഞ്ഞു.

ഒന്നുകില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് നിലപാട് മാറ്റി അഥിതി തൊഴിലാളികളെ നാട്ടിലെത്തിക്കണം. യാത്രക്കിടയില്‍ അവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളും മുന്നോട്ടുവരണം. ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ നിലപാട് തിരുത്തി, ദുരഭിമാനം വെടിഞ്ഞ് കോണ്‍ഗ്രസ് നല്‍കുന്ന പണം ഉപയോഗിച്ച് അതിഥി തൊഴിലാളികളെ എത്രയും വേഗം അവരവരുടെ ഗ്രാമങ്ങളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.