തീരദേശ പരിപാലന പ്ലാന്‍ തയാറാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച ; തീരദേശവാസികള്‍ കഷ്ടപ്പെടുന്നത് സര്‍ക്കാര്‍ കാണുന്നില്ലേ? : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, October 12, 2021

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം തീരദേശ പരിപാലന നിയമം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ 2019-ല്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ ആനുകൂല്യം കേരളത്തിനു നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആറു മാസം കൊണ്ടു കൊടുക്കേണ്ടിയിരുന്ന തീരദേശ പരിപാലന ആക്ഷന്‍ പ്ലാന്‍ മൂന്നു വര്‍ഷമായിട്ടും സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. കോവിഡ് കാലമായിട്ടും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്ലാന്‍ സമര്‍പ്പിച്ചു. 2011-ലെ അപാകത പരിഹരിച്ചാണ് 2019 ല്‍ വിജ്ഞാപനമിറക്കിയത്. അതേക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ആ വിജ്ഞാപനത്തില്‍ 2011- 16 കാലഘട്ടത്തില്‍ ഭരിച്ച യുഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ അടിസ്ഥാനമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തീരദേശ പരിപാലന നിയമത്തിലെ (CRZ) ആക്ഷന്‍ പ്ലാന്‍ തയ്യാറാകുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ ബാബു നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സന്തുലിതമായ വികസനമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ വിജ്ഞാപനമാണ് 2011-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. എല്ലാ സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് 2019 ല്‍ തിരുത്തിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിരവധി ഇളവുകളാണ് ഇതില്‍ ഉണ്ടായിരുന്നത്. ഇളവുകള്‍ നടപ്പാക്കണമെങ്കില്‍ തീരദേശ പരിപാലന ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണം. എന്നാല്‍ മൂന്നു വര്‍ഷമായിട്ടും ഇതു സമര്‍പ്പിക്കാന്‍ സംസ്ഥാനം തയാറായിട്ടില്ല. 2019- ല്‍ പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ 2016 -ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എങ്ങനെയാണ് ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കുന്നത്? ആക്ഷന്‍ പ്ലാന്‍ നല്‍കാത്ത സാഹചര്യത്തില്‍ 2011 ലെ വിജ്ഞാപനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.

തീരപ്രദേശം മാത്രമല്ല, നദികള്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍, പൊക്കാളി പാടം, കായല്‍ എന്നിവിടങ്ങളിലെല്ലാം തീരദേശ പരിപാലന നിയമം ബാധകമാണ്. പുതിയ വിജ്ഞാപനമനുസരിച്ച് മാലിന്യ നിര്‍മാര്‍ജന പദ്ധതിയും ദുരന്ത നിവാരണ സംവിധാനവുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ അധികാരമുണ്ട്. എന്നാല്‍ പുതിയ വിജ്ഞാപനത്തിന്റെ ഗുണഫലങ്ങളൊന്നും കേരളത്തിനു ലഭിക്കാത്ത അവസ്ഥയാണ്. നിര്‍മ്മാണം നിയമപരമെങ്കിലും മുന്‍കൂര്‍ അനുമതി വാങ്ങാത്തതിന്റെ പേരില്‍ നമ്പര്‍ നിഷേധിക്കപ്പെട്ട നിരവധി കെട്ടിടങ്ങള്‍ കേരത്തിലുണ്ട്. ഇത്തരം നിര്‍മ്മാണങ്ങള്‍ ക്രമപ്പെടുത്താന്‍ 2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചും യാതൊരു നടപടിയും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. ശ്രദ്ധയോടെ സമയബന്ധിതമായി സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തീരദേശത്ത് ലൈഫ് പദ്ധതി ഉള്‍പ്പെടെ വീട് നിര്‍മ്മാണം നിലച്ച അവസ്ഥയാണെന്ന് കെ. ബാബു ചൂണ്ടിക്കാട്ടി. ആയിരത്തി അറുന്നൂറോളം അപേക്ഷകള്‍ ഇതിനകം തള്ളിപ്പോയിട്ടുണ്ട്. സംസ്ഥാനത്തെ 70 നിയോജക മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.