വിരമിച്ച ചീഫ് സെക്രട്ടറിമാര്‍ക്ക് പുനര്‍നിയമനം നല്‍കിയും സര്‍ക്കാര്‍ ധൂര്‍ത്ത് ; ഇഷ്ടക്കാരെ കൈവിടാത്ത ‘ചെലവ് ചുരുക്കല്‍’

Jaihind News Bureau
Wednesday, June 17, 2020

സംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ച ചീഫ് സെക്രട്ടറിമാര്‍ക്ക് പുനര്‍നിയമനം നല്‍കി സര്‍ക്കാര്‍ ധൂര്‍ത്ത്. വിരമിച്ച ചീഫ് സെക്രട്ടറിമാരായ  സി പി നായര്‍, നീല ഗംഗാധരന്‍, കെ ജയകുമാര്‍, എസ് എം വിജയാനന്ദ്, നളിനി നെറ്റോ, കെ എം എബ്രഹാം, ടോം ജോസ് എന്നിവര്‍ക്കാണ് ഈ സര്‍ക്കാരിന്റെ കാലത്ത് വിവിധ തസ്തികകളില്‍ നിയമനം ലഭിച്ചത്. സി.പി നായരും, നീല ഗംഗാധരനും ഭരണപരിഷ്‌കാര കമ്മീഷനില്‍ അംഗങ്ങളാണ്.

എസ്.എം വിജയാനന്ദ് സംസ്ഥാന ധനകാര്യ കമ്മീഷന്‍ അംഗമാണ്. കെ ജയകുമാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്( ഐഎംജി) ഡയറക്ടറാണ്. നളിനി നെറ്റോ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രണ്ട് വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു. ആരോഗ്യകാരണങ്ങളാല്‍  പിന്നീട് തല്‍സ്ഥാനം രാജിവെച്ചു.

കെ.എം.ഏബ്രഹാം ചീഫ് സെക്രട്ടറിയായി വിരമിച്ചെങ്കിലും കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് തുടരുകയാണ്. ശമ്പളവും ആനുകൂല്യങ്ങളുമായി നാല് ലക്ഷത്തിലധികമാണ് പ്രതിമാസം കൈപ്പറ്റുന്നത്. ചീഫ്‌ സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ലഭിക്കുന്നത്.  ലഭിക്കുന്ന പദവിയുടെയും സ്ഥാപനത്തിന്റെയും വലുപ്പമനുസരിച്ച് ശരാശരി മൂന്ന് ലക്ഷം രൂപ വരെ ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ചവര്‍ക്ക് ശമ്പളമായി ലഭിക്കുന്നുണ്ട്.  ഇതിനുപുറമേ പ്രൈവറ്റ് സെക്രട്ടറി, ഡ്രൈവര്‍, വസതി, കാര്‍ തുടങ്ങിയ  സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

ഏറ്റവുമൊടുവില്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ടോം ജോസിനെ ശമ്പളമില്ലാതെ ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതിനു പുറമേ ഓഫീസ് ചെലവുകള്‍, വാഹനം, സഹായികളായ ഉദ്യോഗസ്ഥര്‍ ഇവരുടെയെല്ലാം ശമ്പളം സര്‍ക്കാര്‍ നല്‍കും. ഈ നിയമനങ്ങള്‍ക്കെല്ലാം പുറമേ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഷീല തോമസ്, മാരപാണ്ഡ്യന്‍, മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ തുടങ്ങിയവരും സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്.