ലൈഫ് മിഷന്‍ പദ്ധതിയിലും കണ്‍സള്‍ട്ടന്‍സി; പാവപ്പെട്ടവർക്കുള്ള വീടുകള്‍ നിര്‍മിക്കുന്നതിനായി കണ്‍സള്‍ട്ടന്‍സിയെ നിയമിച്ച് ഇടത് സര്‍ക്കാര്‍; കണ്‍സള്‍ട്ടിങ്ങ് ഫീസിനത്തില്‍ നല്‍കുന്നത് 13.7 കോടി

Jaihind News Bureau
Wednesday, July 29, 2020

 

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലും കണ്‍സള്‍ട്ടന്‍സിയെ നിയമിച്ച് ഇടതു സര്‍ക്കാര്‍. ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഭവനസമുച്ചയം നിര്‍മിക്കുന്നതിനാണ് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചത്. മൂന്ന് റീജിയണലുകളായി ഫ്‌ളാറ്റ് നിര്‍മിക്കുന്ന പദ്ധതിയുടെ കണ്‍സള്‍ട്ടിങ് ഫീസായി 13.7 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഭവനസമുച്ചയം നിര്‍മിക്കുന്ന പദ്ധതിയാണ് ഇടതു സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പിച്ചിരിക്കുന്നത്. പദ്ധതിയില്‍ മൂന്നു റീജിയണലുകളായാണ് ഫ്ലാറ്റ് നിര്‍മിക്കുന്നത്. ഒരു ഭവനത്തിന് 4 ലക്ഷം രൂപയാണ് പദ്ധതിയില്‍ വകയിരുത്തുന്നത്. 700 കോടി രൂപയോളം ചെലവ് വരുന്ന പദ്ധതിയുടെ കണ്‍സള്‍ട്ടിങ്ങ് ഫീസിനത്തില്‍ മാത്രം സര്‍ക്കാര്‍ നല്‍കുന്നത് 13.7 കോടി രൂപ. ആകെ ചെലവിന്‍റെ 1.95 ശതമാനം.  ഏകദേശം 300ലധികം വീടുകള്‍ നിര്‍മിക്കാനുള്ള തുക. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഭവനം നിര്‍മിച്ചു കൊടുക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗമായി തന്നെ നിരവധി സംവിധാനങ്ങള്‍ ഉള്ളപ്പോഴാണ് സര്‍ക്കാരിന്‍റെ കണ്‍സള്‍ട്ടന്‍സി നിയമനം. ഇത്തരം നിയമനങ്ങളിലൂടെ കമ്മിഷന്‍ പറ്റാനുള്ള അടവാണ് ഇതെന്നുള്ള ആരോപണം ശക്തമാണ്.? ഒരു പദ്ധതി കണ്‍സല്‍ട്ടന്‍സിയെ ഏല്‍പിക്കുമ്പോള്‍ തികച്ചും യോഗ്യതയുടെയും, മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം. എന്നാല്‍ ഇടതു സര്‍ക്കാരിന്‍റെ കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ ക്രമവിരുദ്ധ മാണെന്നും, ചട്ടങ്ങള്‍ മറികടന്നു
കൊണ്ടുള്ളതുമാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറ്റൊരു തെളിവു കൂടി ആവുകയാണ് ലൈഫ് മിഷന്‍ പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സി നിയമനം. കൊവിഡ് കാലത്തെ മറയാക്കി കണ്‍സള്‍ട്ടസി രാജ് നടപ്പാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന വാദത്തിന് ശക്തി പകരുകയാണ് ഇതിലൂടെ.