ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യത്തിനു സ്‌റ്റേ ഇല്ല; സര്‍ക്കാരിന്‍റെ അപ്പീല്‍ വെള്ളിയാഴ്ചത്തേക്കു മാറ്റി; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Jaihind News Bureau
Wednesday, August 7, 2019

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യത്തിനു ഹൈക്കോടതി ഇന്ന് സ്‌റ്റേ അനുവദിച്ചില്ല. സ്റ്റേ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വെള്ളിയാഴ്ചത്തേക്കു മാറ്റി. ശ്രീറാമിനു കോടതി നോട്ടിസ് അയച്ചു. കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രക്തത്തിൽ മദ്യത്തിന്‍റെ അംശമില്ലെന്ന ലാബ് പരിശോധന റിപ്പോർട്ട് നിർണായക തെളിവായി സ്വീകരിച്ചാണ് ശ്രീറാം വെങ്കിട്ടരാമന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്.

മദ്യപിച്ച് വാഹനമോടിച്ചാല്‍ പിടിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തുകൊണ്ടാണ് പാലിക്കാതിരുന്നതെന്നും ശ്രീറാമിനെ ആശുപത്രിയിൽ എത്തിച്ച പൊലീസ് എന്തുകൊണ്ട് രക്തസാംപിള്‍ എടുത്തില്ലെന്നും കോടതി ചോദിച്ചു. ശ്രീറാം അപകടകരമായി വാഹനമോടിച്ചുവെന്നു നിരീക്ഷിച്ച കോടതി ഗവർണർ ഉൾപ്പെടെ പോകുന്ന റോഡില്‍ എന്തുകൊണ്ടാണ് സിസിടിവി ഇല്ലാത്തതെന്നും ചോദിച്ചു.

എന്തിനാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കുമെന്നായിരുന്നു സർക്കാരിന്‍റെ വാദം. എന്നാൽ നരഹത്യക്കുറ്റം നിലനിൽക്കുമെങ്കിലും എന്തിന് ജാമ്യം റദ്ദാക്കണമെന്നും കോടതി ചോദിച്ചു.

വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് ന്യായീകരണമില്ലെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പൊലീസ് തടഞ്ഞില്ലെന്നും കോടതി ചോദിച്ചു. ശ്രീറാമിനെതിരായ തെളിവ് അയാൾ കൊണ്ടുവരുമെന്ന് കരുതിയോ എന്നും അപകടം ഉണ്ടായാൽ‌ ഇങ്ങനെയാണോ തെളിവ് ശേഖരിക്കേണ്ടതെന്നും കോടതി വിമര്‍ശിച്ചു.

ശ്രീറാമിനെ ആശുപത്രിയിൽ എത്തിച്ച പൊലീസ് എന്തുകൊണ്ട് രക്തസാംപിള്‍ എടുത്തില്ലെന്ന് ആരാഞ്ഞപ്പോൾ ശ്രീറാമിന് പരുക്കേറ്റിരുന്നുവെന്നായിരുന്നു സർക്കാരിന്‍റെ വിശദീകരണം. ശ്രീറാം വെങ്കിട്ടരാമൻ സർക്കാരിനെ പറ്റിച്ചുവെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും സർക്കാർ വ്യക്തമാക്കി. രക്തത്തിലെ മദ്യത്തിന്‍റെ അംശം ഇല്ലാതാക്കാൻ ശ്രീറാം ശ്രമിച്ചുവെന്നും ഹർജിയിൽ പറയുന്നു.