‘ചികിത്സ ലഭിക്കുന്നില്ലെന്ന രോഗിയുടെ വാക്കുകൾ ഈ കൊട്ടിഘോഷങ്ങൾക്കെല്ലാമുള്ള മറുപടിയാണ്, ആ മരണത്തിന് മറുപടി പറഞ്ഞേ പറ്റൂ’; സർക്കാരിനെതിരെ പി.സി വിഷ്ണുനാഥ്

Jaihind News Bureau
Sunday, June 21, 2020

കൊവിഡ് ചികിത്സയിലെ വീഴ്ചയെ തുടർന്ന് കണ്ണൂരിൽ എക്സൈസ് ഡ്രൈവർ മരിച്ച സംഭവത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരാമർശം നടത്തിയതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്. യഥാർത്ഥ വസ്തുത മറച്ചുവെച്ചുള്ള പി ആർ ഏജൻസികളുടെ ആഘോഷങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സ്വന്തം ജില്ലയിൽ ഇത്തരമൊരു മരണം ഉണ്ടായത്. മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് രോഗി തന്നെ പറഞ്ഞ വാക്കുകൾ, ഈ കൊട്ടിഘോഷങ്ങൾക്കെല്ലാമുള്ള മറുപടിയാണ്. ആ യുവാവിന്‍റെ മരണത്തിന് സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘വീഴ്ചകൾ ചൂണ്ടിക്കാണിക്കൽ പ്രതിപക്ഷത്തിന്‍റെ കടമയും ഉത്തരവാദിത്തവുമാണ്. കേരളത്തെ നടുക്കി ടി.പി ചന്ദ്രശേഖരനെ അരുംകൊല ചെയ്ത കേസിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചയാൾക്കുവേണ്ടി എല്ലാ ആരോഗ്യ പ്രോട്ടോകാളും ലംഘിച്ച് ആയിരക്കണക്കിന് ആളുകളുടെ സന്നാഹം ഒരുക്കിയ മുഖ്യമന്ത്രിയാണ് പ്രതിപക്ഷ സമരത്തെ പരിഹസിക്കുന്നത്.

പ്രവാസികൾക്കുവേണ്ടി പ്രതിപക്ഷം ചെയ്ത സമരത്തെപ്പോലും പരമപുച്ഛത്തോടെ അപഹസിച്ച മുഖ്യമന്ത്രി ഇതെല്ലാം ജനം കാണുന്നുണ്ടെന്നു കൂടി മനസിലാക്കണം.  കോടികൾ മുടക്കിയുള്ള നിങ്ങളുടെ പി ആർ പെരുമ്പറകൾക്ക് അപ്പുറമാണ് കേരളത്തിന്‍റെ പൊതുബോധമെന്ന് തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് കൊള്ളാം’- പി.സി വിഷ്ണുനാഥ് കുറിച്ചു.

പി.സി വിഷ്ണുനാഥിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം :

“എനിക്ക് ശ്വാസം കിട്ടുന്നില്ല….
ഇവർക്ക് ഇതിന്റെ ഗൗരവം മനസിലാവുന്നില്ല…
മന:പൂർവം ഒന്നും തരുന്നില്ല…
എന്നെ ഇവിടെ നിന്ന് മാറ്റണം “

-തന്റെ ജീവൻ രക്ഷിക്കുവാൻ വേണ്ടി, അവസാന നിമിഷത്തിലും യാചിച്ച ഒരു ഇരുപത്തിയെട്ടുകാരന്റെ വിലാപമായിരുന്നു അത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കണ്ണൂരിലെ എക്സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി, ബന്ധുക്കൾ ഇന്നലെ പുറത്തുവിട്ട ഓഡിയോ രൂപത്തിൽ ഇപ്പോഴും കാതിൽ മുഴങ്ങുകയാണ് …

മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും സ്വന്തം ജില്ലയിലെ മെഡിക്കൽ കോളേജിലാണ് കോവിഡ് രോഗി ”ഇവിടെ ഒന്നും നടക്കുന്നില്ല, ഞാൻ മരിച്ചു പോകും” എന്ന് കരളലിയിപ്പിക്കും വിധം കരയുന്നത്.

യഥാർത്ഥത്തിൽ, ഇന്നലെ ഈ വീഴ്ചയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മുല്ലപ്പള്ളിക്കെതിരെ പരാമർശം നടത്തിയതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത്.

യഥാർത്ഥ വസ്തുത മറച്ചുവെച്ചുള്ള പി ആർ ഏജൻസികളുടെ ആഘോഷങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സ്വന്തം ജില്ലയിൽ ഇത്തരമൊരു മരണം ഉണ്ടായത്. മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് രോഗി തന്നെ പറഞ്ഞ വാക്കുകൾ, ഈ കൊട്ടിഘോഷങ്ങൾക്കെല്ലാമുള്ള മറുപടിയാണ്. ആ യുവാവിന്‍റെ മരണത്തിന് സർക്കാർ മറുപടി പറഞ്ഞേ പറ്റു.

ഇത്തരം വീഴ്ചകൾ ചൂണ്ടിക്കാണിക്കൽ പ്രതിപക്ഷത്തിന്റെ കടമയും ഉത്തരവാദിത്തവുമാണ്.
കേരളത്തെ നടുക്കി ടി പി ചന്ദ്രശേഖരനെ അരുംകൊല ചെയ്ത കേസിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച യാൾക്കുവേണ്ടി എല്ലാ ആരോഗ്യ പ്രോട്ടോകാളും ലംഘിച്ച് ആയിരക്കണക്കിന് ആളുകളുടെ സന്നാഹം ഒരുക്കിയ മുഖ്യമന്ത്രിയാണ് പ്രതിപക്ഷ സമരത്തെ പരിഹസിക്കുന്നത്.

പ്രവാസികൾക്കുവേണ്ടി പ്രതിപക്ഷം ചെയ്ത സമരത്തെപ്പോലും പരമപുച്ഛത്തോടെ അപഹസിച്ച മുഖ്യമന്ത്രി ഇതെല്ലാം ജനം കാണുന്നുണ്ടെന്നു കൂടി മനസിലാക്കണം.
കോടികൾ മുടക്കിയുള്ള നിങ്ങളുടെ പി ആർ പെരുമ്പറകൾക്ക് അപ്പുറമാണ് കേരളത്തിന്‍റെ പൊതുബോധമെന്ന് തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് കൊള്ളാം.

https://www.facebook.com/356894911108539/posts/1961681060629908/