നിര്‍മ്മാണ തൊഴിലാളി ബോര്‍ഡില്‍ ദിവസവേതനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍; നീക്കം സിപിഎം അനുഭാവികള്‍ക്കുവേണ്ടിയെന്ന് വിമർശനം; രേഖകള്‍ ജയ്ഹിന്ദ് ന്യൂസിന്

Jaihind News Bureau
Wednesday, August 5, 2020

 

കൊച്ചി: ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി നിര്‍മ്മാണ തൊഴിലാളി ബോര്‍ഡില്‍ 400 ഓളം ദിവസവേതനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവിന് പിന്നില്‍ സിപിഎം അനുഭാവികളെ നിയമിക്കാനുള്ള നീക്കമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് സെക്രട്ടറിക്കയച്ച കത്തും, കത്തിന്‍റെ മേല്‍ നടപടി സ്വീകരിച്ച സെക്രട്ടറിയുടെ നോട്ടിന്‍റെ  പകര്‍പ്പും ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസ വേതനക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് സെക്രട്ടറിക്കയച്ച കത്തിന്‍റെ പകര്‍പ്പാണിത്. ഏപ്രില്‍ 3 നാണ് കത്തയച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും അഡീഷണല്‍ ചീഫ് സെക്രട്ടറി ബോര്‍ഡ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. അന്നത്തെ പോലെ ഇത്തവണയും കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് സെക്രട്ടറി കത്തിന്‍മേല്‍ നടപടി സ്വീകരിച്ചില്ല. ഇതോടെ ബോര്‍ഡ് സെക്രട്ടറിയെ സര്‍ക്കാര്‍ മാറ്റി. പുതിയ സെക്രട്ടറി ചുമതലയേറ്റപ്പോള്‍ ദിവസ വേതനക്കാരുടെ സ്ഥിരനിയമനകാര്യം ചൂണ്ടിക്കാട്ടി അഡീ ചീഫ് സെക്രട്ടറി, ബോര്‍ഡ് സെക്രട്ടറിക്ക് ജൂലൈ 2 ന് വീണ്ടും കത്തയച്ചു. കത്തില്‍ തുടര്‍നടപടി സ്വീകരിച്ചുകൊണ്ട് ബോര്‍ഡ് സെക്രട്ടറി ഫയലില്‍ ഒപ്പിട്ടതിന്റെ പകര്‍പ്പാണിത്.

ഇതോടെ 14 ജില്ലകളിലായി ക്ലാര്‍ക്ക് ഉള്‍പ്പടെ 392 തസ്തികളിലേക്കുള്ള സ്ഥിരം നിയമനത്തിനാണ് വഴി ഒരുങ്ങിയിരിക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തില്‍ 10 വര്‍ഷത്തിലധികം, അതില്‍ സര്‍വ്വീസ് ബ്രോക്കണ്‍ വന്നവരുടെതുള്‍പ്പടെയുള്ള ജീവനക്കാരുടെ പട്ടികയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതായത് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്‍റെ കാലത്ത് ദിവസ വേതനക്കാരായി ജോലി ചെയ്ത് പിന്നീട് മാറ്റി നിര്‍ത്തപ്പെട്ടവരുടേതടക്കമുള്ള ലിസ്റ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തം.

ഇടത് സര്‍ക്കാരുകളുടെ കാലത്ത് ദിവസവേതനക്കാരായി സര്‍വീസില്‍ പ്രവേശിച്ച എല്ലാ സിപിഎം പ്രവര്‍ത്തകരേയും, സിപിഎമ്മുകാരുടെ ബന്ധുക്കളെയും തൊഴില്‍ വകുപ്പില്‍ സ്ഥിരപ്പെടുത്താനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന 2018ലെ ഹൈക്കോടതി ഉത്തരവും. പിഎസസി റാങ്ക് ലിസ്റ്റും, നിയമന ചട്ടങ്ങളും മറികടന്നാണ് ഇപ്പോഴത്തെ ധൃതി പിടിച്ചുള്ള നിയമനമെന്നതും അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്നു.