എം.ജി വർവകലാശാല മാര്‍ക്ക് ദാനം : വീണ്ടും ഇടപെട്ട് ഗവർണർ ; വിശദമായ റിപ്പോര്‍ട്ട് തേടി

Jaihind News Bureau
Thursday, December 5, 2019

എം.ജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍.  സർവകലാശാല സിൻഡിക്കേറ്റ് അംഗത്തിന് ഉത്തരപേപ്പർ കൈമാറിയ സംഭവത്തിൽ വൈസ് ചാൻസിലറോട് ഗവർണർ വിശദീകരണം തേടി. വിശദമായ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കണമെന്നും ഗവർണർ വൈസ് ചാൻസിലറോട് നിർദ്ദേശിച്ചു.

മാര്‍ക്ക് ദാന വിവാദത്തില്‍ ഗവർണർ ഇടപെട്ടതോടെ നേരത്തെ സര്‍വകലാശാല വൈസ് ചാന്‍സിലറോട് റിപ്പോർട്ട് നൽകാൻ ആവശ്യപെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കുറ്റം സമ്മതിക്കുന്ന തരത്തിലായിരുന്നു വൈസ് ചാന്‍സിലറുടെ റിപ്പോർട്ട്. ഇനിമേല്‍ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നാണ് വൈസ്‍ ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്. ഗുരുതരമായ ക്രമേക്കേട് നടന്നിട്ടും പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചില്ലെന്നായിരുന്നു വൈസ്‍ ചാന്‍സിലറുടെ  വിശദീകരണം. എന്നാൽ ഈ റിപ്പോർട്ട് ഗവര്‍ണര്‍ തള്ളിക്കളഞ്ഞുവെന്നാണ് വീണ്ടും വിശദീകരണം തേടിയതിലൂടെ വ്യക്തമാകുന്നത്.

സംഭവത്തില്‍ കൃത്യമായ വിശദീകരണം  ഉടന്‍ സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ  പ്രഗാഷിനെതിരെ ഒരു നടപടിയും സര്‍വകലാശാല ഇതുവരെ സ്വീകരിച്ചിരുന്നില്ല. സിൻഡിക്കേറ്റ് അംഗം പി പ്രകാശ് കുട്ടികളുടെ രജിസ്റ്റർ നമ്പർ രഹസ്യ നമ്പർ ഉൾപ്പെടെ അപേക്ഷ നൽകി വാങ്ങിയിരുന്നു. വൈസ് ചാൻസലറുടെ അനുമതിയോടെയാണ് സിൻഡിക്കേറ്റ് അംഗത്തിന് അന്ന് ഇവ ലഭിച്ചത്. നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ടായിരുന്നു സിൻഡിക്കേറ്റ് അംഗത്തിന്‍റെയും വൈസ് ചാൻസലറുടെയും ഈ ഒത്തുകളി. തുടർന്ന് ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ട് പുനര്‍മൂല്യനിര്‍ണയത്തിലൂടെ ജയിപ്പിച്ചെന്ന ആരോപണമാണ് വിവാദത്തിന് തിരികൊളുത്തിയത്. മാർക്ക് ദാനം വിവാദത്തിന് പുറമേ ഇത്തരം ക്രമക്കേടുകൾ എം.ജി സർവകലാശാലയിൽ നിന്ന് പുറത്തുവരുമ്പോൾ പൊതുജനമധ്യത്തിൽ എംജി സർവകലാശാലയുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുന്നത്.