അഞ്ച് ബില്ലുകളില്‍ ഗവർണർ ഒപ്പിട്ടു: വിവാദ ബില്ലുകള്‍ തൊട്ടില്ല; ഗവർണർ ഇന്ന് ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: സർക്കാരുമായുള്ള പോരാട്ട നാടകം തുടരുന്നതിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഒപ്പിട്ടത്. അതേസമയം വിവാദ ലോകായുക്ത, സർവകലാശാല ബില്ലുകളില്‍ ഗവർണർ ഒപ്പിട്ടിട്ടില്ല. ഇതുള്‍പ്പെടെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവർണറുടെ അനുമതിക്കായി അയച്ചത്. ഗവർണർ ഇന്ന് ഡൽഹിക്ക് പോകുന്നതിന് മുന്നോടിയായാണ് ബില്ലുകളില്‍ ഒപ്പിട്ടിരിക്കുന്നത്.

വിവാദമായ സര്‍വകലാശാല, ലോകായുക്ത ബില്ലുകള്‍ക്ക് പുറമെ മറ്റ് നാല് ബില്ലുകളിലും ഗവർണർ ഒപ്പിട്ടിട്ടില്ല. ഇന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ഗവർണർ ഇനി അടുത്ത മാസമേ മടങ്ങിയെത്തുകയുള്ളൂ. അതിനിടെ കേരള വിസി നിയമനത്തിലും ഗവര്‍ണര്‍ പിടിമുറുക്കിയിരുന്നു.  വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന നി‍ർദ്ദേശം ഗവർണർ സർവകലാശാലക്ക് നൽകിയിട്ടുണ്ട്. വിസി നിയമനത്തിന് ഗവർണർ രൂപീകരിച്ച മൂന്നംഗ സെർച്ച് കമ്മിറ്റിയിലേക്ക് ഇതുവരെ സർവകലാശാല പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് ഗവർണർ രൂപീകരിച്ച കമ്മിറ്റിയിലേക്ക് സർവകലാശാല ഇതുവരെ പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഗവർണർ നിലപാട് കടുപ്പിച്ചത്. ഒക്ടോബർ 24 നാണ് വിസിയുടെ കാലാവധി അവസാനിക്കുന്നത്.

 

Comments (0)
Add Comment