ഒളിച്ചിരുന്ന എസ്എഫ്‌ഐക്കാര്‍ അപ്രതീക്ഷിതമായി ചാടിവീണു; ഗവര്‍ണറെ തടഞ്ഞതില്‍ പോലീസിനെ വെളളപൂശി റിപ്പോര്‍ട്ട്


ഗവര്‍ണറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പോലിസിനെ വെള്ളപൂശി സിറ്റി പോലിസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. മനപൂര്‍വ്വമായ വീഴ്ച ഉണ്ടായില്ലെന്ന റിപ്പോര്‍ട്ടാണ് കമ്മീഷണര്‍ ഡിജിപിക്ക് നല്‍കിയത് രാജ്ഭവനില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ മൂന്നിടത്താണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചത് പാളയത്ത് വാഹനം തടഞ്ഞുവരെയായിരുന്നു പ്രതിഷേധം. എസ്എഫ്‌ഐ പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ പൊലിസിന് വീഴ്ച സംഭവിച്ചുവെന്നാണ് രാജ് ഭവന്റെ വിലയിരുത്തല്‍. വീഴ്ചകളെ കുറിച്ചുള്ള റിപ്പോര്‍ട്ടും എടുത്ത നടപടിയുമാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിറ്റി പൊലിസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് പൊലീസിനെ വിമര്‍ശിക്കാതെയാണ്. ബോധപൂര്‍വ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സി എച്ച് നാഗരാജു ഡിജിപിയെ അറിയിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് വലിയ പൊലിസ് സുരക്ഷ നല്‍കിയിരുന്നു. പാളയത്ത് കടയ്ക്കുള്ളില്‍ ഒളിച്ചിരുന്ന പ്രതികള്‍ അപ്രതീക്ഷിതമായി ചാടി വീണാണ് ഗവര്‍ണ്ണറുടെ കാറില്‍ അടിച്ചതെന്നാണ് റിപ്പോര്‍ട്ട്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് ഇവിടെ ബാരിക്കേഡ് വെക്കാതിരുന്നതെന്നാണ് വിശദീകരണം. രണ്ട് പ്രതികള്‍ ആദ്യം പൈലറ്റ് വാഹനത്തിന് മുന്നിലേക്ക് ചാടി, ഇതോടെ വാഹനത്തിന്റെ വേഗം കുറക്കേണ്ടിവന്നു ഈ സമയം മറ്റ് പ്രതികള്‍ ഗവര്‍ണ്ണറുടെ കാറിനടുത്തെത്തി അടിച്ചെന്നാണ് റിപ്പോര്‍ട്ട്. സെക്കന്റുകള്‍ക്കുള്ളില്‍ പ്രതിഷേധിക്കാരെ മാറ്റി. അതേ സമയം പ്രതിഷേധക്കാര്‍ നേരത്തെ പാളയത്തടക്കം നിലയുറപ്പിച്ചിട്ടും എന്ത് കൊണ്ട് മുന്‍കൂട്ടി കസ്റ്റഡിയിലെടുത്ത് മാറ്റിയില്ലെന്ന ചോദ്യം ബാക്കിയാണ്. ഇനി മുതല്‍ ഗവര്‍ണറുടെ വാഹനം കടന്ന് പോകുമ്പോള്‍ ബാരിക്കേഡുകള്‍ വെച്ച് സുരക്ഷ കൂട്ടുന്ന കാര്യം രാജ്ഭവനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Comments (0)
Add Comment