കൃത്യ നിർവഹണത്തിൽ അലംഭാവം, വീഴ്‌ച : എ.സമ്പത്തിനെതിരെ നടപടിയെടുക്കണമെന്ന പരാതിയിൽ സർക്കാരിനോട് മറുപടി തേടി ഗവർണർ

Jaihind News Bureau
Friday, May 29, 2020

ലോക്ഡൗണില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ ഇതരസംസ്ഥാനങ്ങളില്‍ നിരവധി മലയാളികള്‍ കുടുങ്ങികിടക്കുമ്പോള്‍ ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പത്യേക പ്രതിനിധി അഡ്വ.എ. സമ്പത്ത് കൃത്യ നിർവഹണത്തിൽ അലംഭാവം കാട്ടിയെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ലഭിച്ച പരാതിയിൽ ഗവർണർ സർക്കാരിനോട് മറുപടി തേടി. സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബ് സമർപ്പിച്ച പരാതി അന്വേഷിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മാർച്ച് 22ന് ഡൽഹിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ സമ്പത്ത് തിരുവനന്തപുരത്ത് എത്തിയെന്ന് പരാതിയിൽ പറഞ്ഞിരുന്നു.

ഡൽഹിയിൽ കുടുങ്ങിപ്പോയ നിരവധി മലയാളികള്‍ ഇപ്പോഴും സഹായത്തിനായി കേരള ഹൗസിൽ കയറിയിറങ്ങുകയാണ്. എന്നാല്‍ ഈ സമയത്ത് അവർക്ക് തുണയാകേണ്ട സമ്പത്ത് കൃത്യനിർവഹണത്തിൽ അലംഭാവം കാട്ടിയെന്നും അതിനാല്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും, ശമ്പളം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ.കോശി ജേക്കബ് ഗവർണർക്ക് നൽകിയത്.

എം.പിമാരും, റസിഡൻഷ്യൽ കമ്മീഷണറും ഉള്ളപ്പോൾ സമ്പത്തിനെ എന്തിനാണ് നിയമിച്ചിരിക്കുന്നതെന്ന് ചോദ്യം കൊവിഡ് കാലത്ത് ശക്തമായി ഉയർന്നു വന്നിരുന്നു.