കർണാടക രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവർണർ വീണ്ടും രാഷ്ട്രീയം കളിക്കുന്നു. ഇന്ന് ഉച്ചയക് ഒന്ന് മുപ്പതിന് മുമ്പ് വിശ്വാസ പ്രമേയത്തിന്മേൽ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കർണാടകയിൽ ഗവർണർ വഴി ബിജെപി ഇന്നലെ നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു. ഗവർണറുടെ നിർദ്ദേശം തള്ളാനാണ് കോൺഗ്രസ് നീക്കം. അതേസമയം കർണാടക പ്രതിസന്ധിയിൽ കോൺഗ്രസ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും.
ഇന്ന് ഉച്ചക്ക് 1.30 ന് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ വാജുഭായ് വാല മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തയച്ചത്. എന്നാൽ ഇന്നലെ ചേർന്ന യോഗത്തിൽ വിശ്വാസവോട്ടെടുപ്പ് വേണ്ടെന്ന തീരുമാനമാണ് കോൺഗ്രസ് സ്വീകരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ വിപ്പ് സംബന്ധിച്ച് വ്യക്തത തേടാൻ കോൺഗ്രസ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. വിപ്പ് നൽകുന്നതിൽ വ്യക്തത വന്നിട്ട് വിശ്വാസ വോട്ടെടുപ്പ് മതിയെന്നാണ് പാർട്ടി നിലപാട്. വിശ്വാസ പ്രമേയത്തിൽ ഇന്നലെ തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന് ഗവർണർ നേരത്തെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിർദ്ദേശം നൽകാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് കോൺഗസ് വ്യക്തമാക്കി.
സർക്കാരിൽ സഭ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്നലെ രാവിലെ അവതരിപ്പിച്ചത്. വിശ്വാസ പ്രമേയത്തിൽ ഇന്നലെ തന്നെ വോട്ടെടുപ്പ് വേണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടത്. എന്നാൽ, പ്രമേയത്തിൽ ചർച്ച തുടരണമെന്നും അംഗങ്ങൾക്ക് വിപ്പ് നൽകുന്നതിലെ അനിശ്ചിതത്വം നീക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു: ചർച്ചയ്ക്കിടെ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേത്തുടർന്ന് ഒന്നരമണിക്കൂറോളം സഭ നിറുത്തിവെച്ചു.
അംഗങ്ങൾക്ക് വിപ്പ് നൽകാനുള്ള അധികാരം രാഷ്ട്രീയ പാർട്ടികൾക്കുണ്ടെന്നും അത് നിഷേധിക്കാൻ കോടതിക്ക് ആകില്ലെന്നും കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു. എംഎൽഎമാർക്ക് വിപ്പ് നൽകാനുള്ള പാർലമെന്‍ററി പാർട്ടി നേതാവിന്‍റെ അവകാശം നിലനിൽക്കുമെന്ന് സ്പീക്കർ രമേശ് കുമാറും വ്യക്തമാക്കി. വിശ്വാസ പ്രമേയത്തിൽ സംസാരിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. അതിനിടെ ഇന്നലെ സഭയിൽ ഹാജാരാകാതിരുന്ന കോൺഗ്രസ് അംഗം ശ്രീമന്ത് പട്ടേൽ മുംബൈയിലേക്ക് പോയതിന്‍റെ തെളിവുകൾ ഡി.കെ ശിവകുമാർ ഹാജരാക്കി. ബിജെപി എംഎൽഎമാർ അദ്ദേഹത്തെ തട്ടികൊണ്ട് പോവുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, നിയമസഭ പിരിഞ്ഞെങ്കിലും സഭയിൽ നിന്ന് മടങ്ങാൻ തയ്യാറാകാതെ ബിജെപി അംഗങ്ങൾ സഭയിൽ തുടർന്നു.